കാറില്‍ നിന്ന് ഇറങ്ങിയ കുരങ്ങന്‍ ടോള്‍ പ്ലാസയില്‍ നിന്ന് തട്ടിയെടുത്തത് 5,000 രൂപ! വൈറലായി വീഡിയോ

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ടോള്‍ പ്ലാസയിലെ സിസിടിവി ക്യാമറയാണ് ഒപ്പിയെടുത്തത്

ലഖ്നൗ: ടോള്‍ പ്ലാസയില്‍ നിന്ന് കുരങ്ങന്‍ പണം തട്ടിയെടുത്തതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കാഴ്ച. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ടോള്‍ പ്ലാസയിലാണ് വിചിത്ര സംഭവം അരങ്ങേറിയത്. ടോള്‍ പ്ലാസയില്‍ അതിക്രമിച്ച് കയറി 5,000 രൂപയോളമാണ് തട്ടിയെടുത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ടോള്‍ പ്ലാസയിലെ സിസിടിവി ക്യാമറയാണ് ഒപ്പിയെടുത്തത്. ടോള്‍ ബൂത്തിലെത്തിയ വെള്ള നിറമുള്ള കാറില്‍ നിന്ന് ഇറങ്ങിയ കുരങ്ങനാണ് പണം തട്ടിയെടുത്ത് മുങ്ങിയത്. ടോള്‍ ബൂത്തിന്റെ ജനാലവഴി ഉള്ളില്‍ കടന്ന കുരങ്ങന്‍ പണം എടുത്തുകൊണ്ട് ഓടിപ്പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്തരത്തിലുള്ള രണ്ട് സംഭവങ്ങള്‍ കഴിഞ്ഞ ആറു മാസത്തിനിടെ നടന്നിട്ടുണ്ടെന്ന് ടോള്‍ പ്ലാസ ജീവനക്കാര്‍ പറയുന്നു.

കുരങ്ങനെ എത്തിച്ച കാറുകളുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ടോള്‍ പ്ലാസ അധികൃതര്‍ നല്‍കിയ നമ്പറുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. കുരങ്ങിന് പരിശീലനം നല്‍കിയശേഷം പണം അപഹരിക്കുകയാവും ചെയ്യുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version