‘സൈന്യം മുഴുവന്‍ ബിജെപിക്കും മോഡിക്കുമൊപ്പം’; വിവാദ പ്രസ്താവനയുമായി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്

ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം

ജയ്പൂര്‍: സൈന്യത്തിന്റെ നേട്ടങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനില്‍ക്കുമ്പോളും സൈന്യം മോഡിക്കൊപ്പവും ബിജെപിക്കുമൊപ്പവുമാണെന്ന വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്നാണ് റാത്തോഡ് ജനവിധി തേടുന്നത്.

അതേസമയം യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസിന്റെ വാദത്തെയും രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തള്ളി. സൈന്യത്തെ മോഡിയുടെ സേന എന്ന് പറഞ്ഞതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ റാത്തോഡും സൈന്യം മോഡിക്കൊപ്പമാണെന്ന വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

അതേസമയം, കന്നി വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യണമെന്ന പ്രസ്താവനയില്‍ പെരുമാറ്റ ചട്ടലംഘനമില്ലെന്ന് കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.

Exit mobile version