സിബിഎസ്ഇ ഫലം: മക്കളുടെ മികച്ച വിജയം പങ്കുവച്ച് സ്മൃതി ഇറാനിയും സുനിത കെജരിവാളും

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മക്കളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും.

പരീക്ഷയില്‍ കെജരിവാളിന്റെ മകന്‍ പുല്‍കിത് 96.4 ശതമാനം മാര്‍ക്കും സ്മൃതി ഇറാനിയുടെ മകന്‍ സോഹര്‍ 91 ശതമാനം മാര്‍ക്കും സ്വന്തമാക്കി. മകന്റെ വിജയത്തില്‍ അഭിമാനിക്കുന്നതായി സുനിത കെജരിവാള്‍ ട്വീറ്റ് ചെയ്തു. ദൈവാനുഗ്രഹവും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയും മകനെ വിജയത്തിലേക്ക് നയിച്ചെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മകന്റെ വിജയത്തില്‍ താന്‍ അതീവ സന്തുഷ്ടയാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ലോക കെംപോ ചാമ്പ്യന്‍ഷിപ്പില്‍ സോഹര്‍ വെങ്കല മെഡല്‍ നേടിയതിന്റെ സന്തോഷവും അവര്‍ പങ്കുവെച്ചു.

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ 83.4 ആണ് ഇത്തവണത്തെ വിജയശതമാനം. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവര്‍ അഞ്ഞൂറില്‍ 499 മാര്‍ക്ക് നേടി ഒന്നാമതെത്തി. പെണ്‍കുട്ടികളുടെ വിജയശതമാനം- 88.7, ആണ്‍കുട്ടികളുടെ വിജയശതമാനം- 79.4.

Exit mobile version