ഞാന്‍ മരിക്കുന്നതാണ് കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നത്; ആ കുടുംബവാഴ്ച അവസാനിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യുക; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസിന്റെ സ്വപ്‌നം താന്‍ കൊല്ലപ്പെടണം എന്നാണെന്നാണ് മോഡി പറഞ്ഞത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മോഡിയുടെ ആരോപണം

‘കോണ്‍ഗ്രസിന് എന്നോട് വല്ലാത്ത പകയാണ്, ഞാന്‍ കൊല്ലപ്പെടുന്നത് അവര്‍ സ്വപ്നം കാണുന്നു, പക്ഷേ മധ്യപ്രദേശിലെയും ഈ രാജ്യം മുഴുവനുമുള്ള ആളുകള്‍ എനിക്ക് പിന്തുണയുമായുണ്ട്’ ഇതായിരുന്നു മോഡിയുടെ വാക്കുകള്‍.

കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗിനെ ലക്ഷ്യം വച്ചാണ് വിവാദപരമായ ഇസ്ലാമിക പ്രസംഗങ്ങള്‍ നടത്തുന്ന സാക്കിര്‍ നായിക്കിനെ കുറിച്ചുള്ള മോഡിയുടെ പരാമര്‍ശം. ദ്വിഗ് വിജയ് ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്.

ദ്വിഗ് വിജയ് സിംഗ് സാക്കിര്‍ നായിക്കിനെ തോളില്‍ കയറ്റി വെച്ച് നൃത്തം ചെയ്യുകയാണ്. ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സാക്കിര്‍ നായിക്കിനെ വിളിക്കുന്ന അതേ സമയത്താണ് ഈസ്റ്റര്‍ ഞായറാഴ്ചയിലെ ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്ക അയാളുടെ ചാനല്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടത്. നേരത്തെ ഭരണകൂടങ്ങള്‍ അയാളെ സമാധാനത്തിന്റെ വക്താവായി ഉയര്‍ത്തി കാട്ടാന്‍ ആണ് ശ്രമിച്ചത്. എന്നും മോഡി പറഞ്ഞു.

ഇപ്പോള്‍ മലേഷ്യയിലുണ്ടെന്ന് കരുതുന്ന സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് പ്രേരിപ്പിച്ചതിനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനും അയാള്‍ക്കെതിരെ കേസുകളുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടി കാണിച്ചു.

മാത്രമല്ല കോണ്‍ഗ്രസില്‍ തുടരുന്ന കുടുംബവാഴ്ചയേയും അദ്ദേഹം ആഞ്ഞടിച്ചു. 55 വര്‍ഷമായി ഒരു കുടുംബം ഭരിക്കുന്ന പാര്‍ട്ടിക്ക് ഉപരിയായി 55 മാസം ഭരിച്ച ചായ വില്‍പ്പനക്കാരന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും മോഡി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടത്തിയ റാലിയിലും പ്രധാനമന്ത്രി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ചു. സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുമെല്ലാം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

വിവാദ പ്രസംഗത്തിലൂടെ ബിജെപിയെ പുകഴ്ത്തുകയും കോണ്‍ഗ്രസിന്റെ ഭരണത്തെ തരംതാഴ്ത്തുകയുമണ് പ്രധാനമന്ത്രി ചെയ്തത്.

Exit mobile version