സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപി- ആം ആദ്മി സംഘര്‍ഷം

വാസിരാബാദ് പാലത്തില്‍ അനുഭവപ്പെടുന്ന തിരക്ക് പുതിയ പാലം തുറന്നുകൊടുക്കുന്നതോടെ കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

ന്യൂഡല്‍ഹി: സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപിയും ആം ആദ്മിയും തമ്മില്‍ സംഘര്‍ഷം. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉദ്ഘാടനം ചെയ്തത്. എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ള പാലം ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

എന്നാല്‍ ഉദ്ഘാടന ദിവസംതന്നെ പാലത്തിന് മുകളില്‍ ബിജെപി- ആം ആദ്മി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് തങ്ങളെ ചടങ്ങിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് മനോജ് തിവാരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

വാസിരാബാദ് പാലത്തില്‍ അനുഭവപ്പെടുന്ന തിരക്ക് പുതിയ പാലം തുറന്നുകൊടുക്കുന്നതോടെ കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. യമുനയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഔട്ടര്‍ റിങ് റോഡുമായും പാലം ബന്ധിപ്പിച്ചിട്ടുണ്ട്.

സഞ്ചാരികള്‍ക്ക് പാലം താങ്ങി നിര്‍ത്തിയിരിക്കുന്ന തൂണിനു മുകളില്‍നിന്ന് കാഴ്ചകള്‍ ആസ്വദിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തില്‍ 154 മീറ്റര്‍ ഉയരത്തിലാണിത്. വ്യത്യസ്ത വശങ്ങളോടു കൂടിയ തൂണില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്.

Exit mobile version