‘നിങ്ങള്‍ ജപ്പാനില്‍ പോയി ഡ്രം കൊട്ടി, പാകിസ്താനില്‍ നിന്ന് ബിരിയാണി കഴിച്ചു, നിങ്ങള്‍ പറക്കുകയാണ്’; മോഡിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: മോഡിയുടെ വിദേശരാജ്യ സന്ദര്‍ശനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോഡിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് പ്രിയങ്ക ഗാന്ധി. മോഡി കൂടുതല്‍ സമയം ചെലവഴിക്കുന്നത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണെന്നും അദ്ദേഹത്തിന്റെ പദ്ധതികള്‍ ഒരിക്കലും സമൂഹത്തിലെ അടിത്തട്ടിലുള്ളവരുമായി ബന്ധപ്പെട്ടുള്ളതല്ലെന്നും പ്രിയങ്ക പറഞ്ഞു. ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മോഡിയെ രൂക്ഷമായി വിമര്‍ശിച്ചത്.

കേന്ദ്രത്തില്‍ ഭരണത്തില്‍ ഇരിക്കുന്നവര്‍ക്ക് ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെന്നില്ല. സര്‍ക്കാരിന് അവരുടെ മൗനമാണ് ആവശ്യം. അതൊരിക്കലും ഒരു രാജ്യസ്‌നേഹിയായ സര്‍ക്കാരിന് ഇണങ്ങുന്നതല്ലെന്നും തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയുമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട യഥാര്‍ത്ഥ പ്രശ്‌നങ്ങളെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ വീതം നല്‍കുന്ന ന്യായ് പദ്ധതി ജനങ്ങളില്‍ എത്തില്ലെന്ന ബിജെപിയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. സര്‍ക്കാര്‍ പറയുന്നത് ശരിയാണ്. ന്യായം ഒരിക്കലും ജനങ്ങളില്‍ എത്തില്ല. ഉദാസീനമായും നിഷേധാത്മകമായും മറുപടി നല്‍കുന്ന സര്‍ക്കാറിനെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പിടികിട്ടിയുണ്ട്, പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. മോഡി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം തകര്‍ക്കുകയാണ് ചെയ്തത്.വോട്ടര്‍മാരുമായുള്ള സര്‍ക്കാരിന്റെ ബന്ധം തകര്‍ന്നു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം അറിയാതെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ അവതരിപ്പിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മോഡി സര്‍ക്കാറിന് ഇപ്പോഴും കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് മനസിലായിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

Exit mobile version