ഇന്ത്യയ്ക്ക് വന്‍ നയതന്ത്ര നേട്ടം; മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. നാല് തവണ എതിര്‍ത്ത ചൈന ഇത്തവണ എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം. ഇന്ന് ചേര്‍ന്ന യുഎന്നിന്റെ പ്രത്യേക സമിതിയുടെ യോഗത്തിലാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം പാസാക്കിയത്.

പുല്‍വാമ ആക്രമത്തിന് ശേഷം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കമെന്ന ആവശ്യം യുഎന്നില്‍ ഇന്ത്യ ശക്തമാക്കിയിരുന്നു. എന്നാല്‍ ആവശ്യം ചൈന എതിര്‍ക്കുകയായിരുന്നു. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ വലിയ വിജയമാണിത്. പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യുഎന്‍ തീരുമാനം.

പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് എന്നിവ സംയുക്തമായി യുഎന്നിന്റെ പ്രത്യേക സമിതി മുമ്പാകെ പ്രമേയം കൊണ്ടു വന്നിരുന്നു. എന്നാല്‍ വിഷയം തത്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്ന് പാസാക്കാനായില്ല. എന്നാല്‍ രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം നിമിത്തം ചൈന നിലപാട് മയപ്പെടുത്തുകയായിരുന്നു.

Exit mobile version