21 വര്‍ഷമായി വിദേശത്ത്; തെരഞ്ഞെടുപ്പ് അടുത്താല്‍ പാഞ്ഞെത്തും, ശിവസേനയ്ക്ക് വോട്ട് രേഖപ്പെടുത്താന്‍! രാജ്യം വിട്ടിട്ടും രാഷ്ട്രീയം മറക്കാതെ ധീരജ്

കഴിഞ്ഞ എട്ട് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുതല്‍ ലോക്‌സഭയിലേക്ക് വരെ എല്ലാ തെരഞ്ഞെടുപ്പിലും ശിവസേനയ്ക്ക് മാത്രം വോട്ട് ചെയ്യാന്‍ ധീരജ് എത്തും.

മുംബൈ: 21 വര്‍ഷമായി വിദേശത്താണ് മുംബൈ സ്വദേശിയായ ധീരജ്. പക്ഷേ ഒരിക്കല്‍ നാട്ടിലെത്തും, തന്റെ വോട്ട് രേഖപ്പെടുത്താന്‍. ജോലിയ്ക്കായി വിദേശത്തും മറ്റും സ്ഥിരം താമസം ആക്കുന്ന ഇന്ത്യക്കാര്‍ നിരവധി പേരുണ്ട്. എന്നാല്‍ വോട്ട് രേഖപ്പെടുത്താന്‍ മാത്രം വരാന്‍ ആരും മെനക്കെടാറില്ല എന്നതാണ് വാസ്തവം. പക്ഷേ ധീരജ് നേരെ മറിച്ചാണ്. വോട്ട് രേഖപ്പെടുത്തുവാന്‍ മാത്രം എത്തും.

1998ല്‍ ഇന്ത്യയില്‍ നിന്ന് ഹോംങ്കോംഗിലെത്തി, അവിടെ നിന്ന് ബ്രസീലിലേക്ക്. കാനറി നാട്ടില്‍ സ്ഥിരതാമസക്കാരനായുള്ള രേഖയൊക്കെ ലഭിച്ച് സാവോ പോളോയിലാണ് ധീരജ് താമസിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുതല്‍ ലോക്‌സഭയിലേക്ക് വരെ എല്ലാ തെരഞ്ഞെടുപ്പിലും ശിവസേനയ്ക്ക് മാത്രം വോട്ട് ചെയ്യാന്‍ ധീരജ് എത്തും.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ വോട്ട് ചെയ്യുന്നത് തനിക്കുള്ള അംഗീകാരമാണെന്നാണ് ധീരജ് പറയുന്നത്. ബ്രസീലില്‍ തന്റെ കാറില്‍ ശിവസേനയുടെ ചിഹ്നത്തിന്റെ സ്റ്റിക്കര്‍ പതിപ്പിച്ചാണ് കറങ്ങുന്നത്. രാജ്യം വിട്ടെങ്കിലും രാഷ്ട്രീയം ഇപ്പോഴും ഈ നെഞ്ചില്‍ കാത്തു സൂക്ഷിച്ചിട്ടുണ്ട്. പോര്‍ച്ചുഗീസും സ്പാനിഷും അടക്കം ആറ് ഭാഷകള്‍ അറിയാം ധീരജിന്.

Exit mobile version