വന്ദേമാതരം ചൊല്ലി നരേന്ദ്ര മോഡി; ഇരുന്നിടത്ത് നിന്ന് എണീക്കാതെ നിതീഷ് കുമാര്‍! വിവാദം

നിതീഷ് കുമാറിന്റെ പ്രവര്‍ത്തി മുസ്ലീംവോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതാണെന്ന അഭിപ്രായം ഇതിനോടകം ഉയരുന്നുണ്ട്.

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നരേന്ദ്ര മോഡി വന്ദേമാതരം ചൊല്ലിയപ്പോള്‍ ഇരുന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ തയ്യാറാകാതെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംഭവത്തില്‍ വിവാദം കത്തുകയാണ്. അതേസമയം എന്‍ഡിഎ സഖ്യത്തിലെ അഭിപ്രായ ഭിന്നതയ്ക്ക് ഉദാഹരണം എന്ന രീതിയിലാണ് സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമാവുന്നത്. സംഭവം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്.

ഏപ്രില്‍ 25ന് ബിഹാറിലെ ദര്‍ഭാംഗയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. റാലിയില്‍ നരേന്ദ്ര മോഡി വന്ദേമാതരം ചൊല്ലി. ആ സമയം വേദിയിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്നു, എന്നാല്‍ നിതീഷ് കുമാര്‍ എഴുന്നേല്‍ക്കാനോ ഏറ്റുചൊല്ലാനോ ചൊല്ലാനോ തയ്യാറായില്ല. എല്ലാവരും എഴുന്നേറ്റ ശേഷം നിര്‍ബന്ധിതനായ പോലെ പിന്നീടദ്ദേഹം എഴുന്നേറ്റ് നിന്നെങ്കിലും വന്ദേമാതരം ചൊല്ലിയില്ല. വീഡിയോ പുറത്തുവന്നതോടെ എന്‍ഡിഎയില്‍ നിതീഷ് കുമാറിനെതിരെ അഭിപ്രായങ്ങളുയര്‍ന്നു.

നിതീഷ് കുമാറിന്റെ പ്രവര്‍ത്തി മുസ്ലീംവോട്ടുകള്‍ ലക്ഷ്യം വച്ചുള്ളതാണെന്ന അഭിപ്രായം ഇതിനോടകം ഉയരുന്നുണ്ട്. വന്ദേമാതരം ചൊല്ലുന്നത് ഊര്‍ജം നല്‍കുമെന്നും രാജ്യത്ത് സമാധാനവും സമൃദ്ധിയും സുരക്ഷയും നല്‍കുമെന്ന് പറഞ്ഞ ശേഷമായിരുന്നു മോഡി വന്ദേമാതരം ആലപിച്ചത്. വന്ദേമാതരം ചൊല്ലുന്നത് ചിലര്‍ക്ക് പ്രശ്നമാണെന്നും അവര്‍ അതിന് പിഴയൊടുക്കേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version