20 മണിക്കൂര്‍ നീണ്ട വോട്ടെണ്ണല്‍; എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച

പട്ന: 20 മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനൊടുവില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച. മണിക്കൂറുകള്‍ നീണ്ട ആകാംക്ഷയും സസ്‌പെന്‍സിനും ഒടുവിലാണ് ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേരിയ ഭൂരിപക്ഷത്തില്‍ ഉറപ്പാക്കിയത്.

243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്. അവസാന ഘട്ടംവരെയുള്ള വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളൂ. 75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബിജെപി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തു.

ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനമായത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യത്തിനായിരുന്നു മുന്നേറ്റം. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മഹാസഖ്യത്തെ പിന്നിലാക്കി എന്‍ഡിഎ മുന്നേറുകയായിരുന്നു. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് സാധിച്ചു. അതേസമയം, മഹാസഖ്യത്തിന് അട്ടിമറി വിജയമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇവയെ നിഷ്പ്രഭമാക്കിയായിരുന്നു എന്‍ഡിഎയുടെ വിജയ കുതിപ്പ്.

Exit mobile version