അന്ന് പിതാവ് കാരണം ലാലു, ഇന്ന് മകൻ കാരണം നിതീഷോ? നിതീഷിനെ പാഠം പഠിപ്പിക്കുമെന്ന് ചിരാഗ് പറഞ്ഞത് വെറുതെയായില്ല; ജെഡിയു മൂന്നാം സ്ഥാനത്ത്

പാട്‌ന: ബിഹാറിലെ എൻഡിഎ നേതൃസ്ഥാനത്ത് ഇരിക്കുന്ന ജെഡിയുവിന് വോട്ടെണ്ണൽ പുരോഗമിക്കവെ വൻ തകർച്ച. സീറ്റ നിലയിൽ ഭരണകക്ഷിയായ ജെഡിയു നിലവിൽ ബിജെപിക്കും ആർജെഡിക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞതവണ ബിജെപിക്ക് മുന്നിലായിരുന്നു ജെഡിയു.

അതേസമയം, ഏറ്റവും കൂടുതൽ സീറ്റുകളിൽ എൻഡിഎ സഖ്യം തന്നെയാണ് ലീഡ് ചെയ്യുന്നത്. 73 സീറ്റുകളിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഒറ്റയ്ക്ക് ലീഡ് ചെയ്യുന്നത്. തേജസ്വി യാദവിന്റെ ആർജെഡിയാണ് 72 സീറ്റുമായി രണ്ടാംസ്ഥാനത്തുള്ളത്.

ബിജെപി സഖ്യകക്ഷിയായ ജെഡിയു 45 സീറ്റിൽ മാത്രമാണ് മുന്നേറുന്നത്. ജെഡിയുവിനെ നാണംകെടുത്തിയതിന് പിന്നിൽ എൽജെപിയുടെ യുവനേതാവ് ചിരാഗ് പാസ്വാന്റെ പ്രതികാരമെന്ന് നിസംശയം പറയാം. നിതീഷിനെ തറപറ്റിക്കുമെന്ന് പ്രഖ്യാപിച്ച് സഖ്യത്തിൽ നിൽക്കാതെ തനിച്ച് മത്സരിച്ച എൽജെപിയുടെ കുതന്ത്രമാണ്് ഇതോടെ ഫലം കാണുന്നത്. ജെഡിയു മത്സരിച്ച മണ്ഡലങ്ങളിൽ എൽജെപി എതിരാളികളെ നിർത്തിയിരുന്നില്ലെങ്കിൽ ജെഡിയു തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമായിരുന്നു എന്നാണ് ഇതുവരെയുള്ള കണക്ക് പരിശോധിച്ച് വിലയിരുത്തപ്പെടുന്നത്.

നിതീഷിനെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് അന്തരിച്ച കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ മകൻചിരാഗ് പാസ്വാൻ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. ജെഡിയുവിനെ തള്ളിയെങ്കിലും ബിജെപിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് എൽജെപിയുടെ തെരഞ്ഞെടുപ്പ് കളികൾ. ജെഡിയു മത്സരിച്ച എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്തി വോട്ട് വിഭജിക്കുന്ന തന്ത്രമാണ് ചിരാഗ് നെയ്തത്. ഒപ്പം ബിജെപി മത്സരിച്ച ഒരിടത്തും സ്ഥാനാർത്ഥികളെ നിർത്താൻ തുനിഞ്ഞതുമില്ല.

2005ൽ രാംവിലാസ് പാസ്വാൻ ഒറ്റയ്ക്ക് നിന്ന് മത്സര രംഗത്തേക്കിറങ്ങിയപ്പോൾ തോറ്റ്തുന്നംപാടിയത് ലാലു പ്രസാദ് യാദവായിരുന്നു. ഇന്ന് ഒന്നര പതിറ്റാണ്ട് കഴിഞ്ഞ സാഹചര്യത്തിൽ പിതാവിന്റെ അതേ അടവ് തന്നെയാണ് ചിരാഗും പയറ്റുന്നത്. ഇനി അറിയാനുള്ളത് എൽജെപിയുടെ പ്രതികാരത്തിൽ ലാലുവിനെ പോലെ നിതീഷ് കുമാർ വീഴുമോ എന്നാണ്.

തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ബിജെപിയും എൽജെപിയും ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് മുമ്പ് തന്നെ ചിരാഗ് പ്രഖ്യാപിച്ചിരുന്നു. ജെഡിയുവുമായി ഒരു കാരണവശാലും ഒന്നിച്ചുപോകില്ലെന്ന നിലപാട് കൈക്കൊണ്ടാണ് എൽജെപി തനിച്ച് മത്സരിക്കാനിറങ്ങിയത്.

അതേസമയം, നിതീഷിനെ ഒതുക്കാൻ അവസരം കാത്തിരുന്ന ബിജെപിയാകട്ടെ എൽജെപിയുടെ പക മുതലെടുക്കുകയും ചെയ്തു. ബിജെപിയുടെ അറിവോടെയാണ് ജെഡിയുവിന് എതിരെ എൽജെപി മത്സരിക്കാനിറങ്ങിയതെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. തന്റെ പദ്ധതി അമിത് ഷായോടും ബിജെപി അധ്യക്ഷൻ ജെപി നദ്ദയോടും വ്യക്തമാക്കിയിരുന്നു എന്ന് ചിരാഗ് പാസ്വാൻ തന്നെ തുറന്നുപറഞ്ഞിരുന്നു.

Exit mobile version