രാജ്യത്ത് നിലനില്‍ക്കുന്നത് ‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ അല്ല ‘മോഡി കോഡ് ഓഫ് കണ്ടക്ട്’ ; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണ് രാഹുല്‍ഗാന്ധി എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചിരിക്കുന്നത്.

രാജ്യത്ത് നിലനില്‍ക്കുന്നത് മോഡല്‍ കോഡ് ഓഫ് കണ്ടക്ട് (മാതൃകാ പെരുമാറ്റച്ചട്ടം) അല്ലെന്നും ‘മോഡി കോഡ് ഓഫ് കണ്ടക്ടാ’ണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. നരേന്ദ്ര മോഡിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും എന്ന രീതി പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത ഉയര്‍ത്തുന്നതോ, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുന്നതോ ആയ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം നിലനില്‍ക്കെ, ഭൂരിപക്ഷ സമുദായത്തെ പേടിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ശക്തിയുള്ള സ്ഥലത്തേക്ക് ഒളിച്ചോടിപ്പോയി മത്സരിക്കുകയാണ് രാഹുല്‍ഗാന്ധി എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

Exit mobile version