നിസാമുദ്ദീന്‍-എറണാകുളം തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം; വന്‍ ദുരന്തം ഒഴിവാക്കിയത് യാത്രക്കാരിയുടെ ഇടപെടലില്‍!

യാത്രക്കാരി ഇറങ്ങുവാന്‍ നില്‍ക്കുമ്പോഴാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ബംഗളൂരു: നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയിലെ എസി കോച്ചില്‍ തീപിടുത്തം. യാത്രക്കാരിയുടെ ഇടപെടലിലാണ് വലിയ ദുരന്തം ഒഴിവായത്. അപകടം അറിഞ്ഞ യുവതി ഉടനെ പാതി മയക്കത്തിലായിരുന്ന യാത്രികരെ ആദ്യം വിളിച്ചുണര്‍ത്തുകയാണ് ചെയ്തത്. ശേഷം ജീവനക്കാരെ അറിയിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

ബി ഫോര്‍ എസി കോച്ചിലാണ് തീ പടര്‍ന്നത്. യാത്രക്കാരി ഇറങ്ങുവാന്‍ നില്‍ക്കുമ്പോഴാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വിവരം ജീവനക്കാരെയും യാത്രികരെയും പെട്ടെന്ന് അറിയിച്ചു. ഇരുകൂട്ടരും ചേര്‍ന്ന് തീയണക്കുകയായിരുന്നു. വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് മാറിപോയത്. ഞായറാഴ്ച പുലര്‍ച്ചെ 1.20-ഓടെയാണ് സംഭവം.

തീവണ്ടി ഉഡുപ്പി ജില്ലയിലെ ബിജൂര്‍ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് എസി കോച്ചില്‍ തീ ശ്രദ്ധയില്‍പ്പെട്ടത്. കുന്ദാപുര സ്റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു യാത്രക്കാരി. ഇതിനിടയിലാണ് ബി ഫോര്‍ കോച്ചില്‍ പുക ഉയരുന്നതുകണ്ടത്. ഉറക്കത്തിലായിരുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും ഇവര്‍ ഉടനെ വിവരമറിയിച്ചു. ഇതിനിടെ യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തുകയുംചെയ്തു. ഓടിയെത്തിയ ജീവനക്കാര്‍ യാത്രക്കാര്‍ക്കൊപ്പംചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു.

എസി കോച്ചിന്റെ സീറ്റിനും ജനല്‍ ഗ്‌ളാസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സേനാപുര സ്റ്റേഷനിലെത്തിച്ച് തീപിടിച്ച കോച്ച് വേര്‍പ്പെടുത്തി 5.30-ഓടെയാണ് യാത്ര തുടര്‍ന്നത്. ശേഷം മംഗളൂരുവില്‍ നിന്ന് മറ്റൊരു എസി കോച്ച് ഘടിപ്പിച്ചു. ചക്രത്തിന്റെ ഇടയില്‍നിന്നുണ്ടായ തീപ്പൊരികളില്‍നിന്നാണ് എസി കോച്ചില്‍ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീവണ്ടിയില്‍ തീപിടിച്ച വിവരം അറിഞ്ഞതോടെ അപകടം നേരിടാന്‍ ഒട്ടേറെ മുന്നൊരുക്കങ്ങളാണ് റെയില്‍വേ അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയത്. ബിജൂര്‍ സ്റ്റേഷനില്‍ വൈദ്യസംഘത്തെ ഒരുക്കിനിര്‍ത്തി. ഉഡുപ്പിയിലെയും മംഗളൂരുവിലെയും ആശുപത്രികള്‍ക്ക് ജാഗ്രതാസന്ദേശം കൈമാറി. ഗോവയിലെ വെര്‍നയില്‍നിന്ന് റെയില്‍വേയുടെ പ്രത്യേകസംഘത്തെ എത്തിക്കാനുള്ള നടപടികളും സ്വീകരിച്ചു. ആളപായമില്ലാതെ തീയണയ്ക്കാന്‍ സാധിച്ചതോടെ വലിയ ആശങ്കകള്‍ക്കാണ് വിരാമമായത്.

Exit mobile version