കണ്‍മുന്നില്‍ കണ്ടത് രണ്ട് ഭീകരാക്രമണങ്ങള്‍; അന്ന് മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായി, ഇന്ന് കൊളംബോ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു! ദമ്പതികള്‍ പറയുന്നു

അഭിനവ് ചാരി, ഭാര്യ നവരൂപ് കെ ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന കൊളംബോയിലെ ഗ്രാന്‍ഡ് സിനമന്‍ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ദുബായ്: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് സാക്ഷിയായ ഇന്ത്യന്‍ യുവാവ് ശ്രീലങ്കയില്‍ നടന്ന ചാവേറാക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഭിനവ് ചാരി, ഭാര്യ നവരൂപ് കെ ചാരി എന്നിവരാണ് രക്ഷപ്പെട്ടത്. സ്‌ഫോടനം നടന്ന കൊളംബോയിലെ ഗ്രാന്‍ഡ് സിനമന്‍ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ദുബായിയില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ ഒരു ബിസിനസ് ട്രിപ്പുമായി ബന്ധപ്പെട്ടാണ് കൊളംബോയില്‍ എത്തിയത്. ഈസ്റ്റര്‍ ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കവെ ഇടയ്ക്കു വെച്ച് വൈദികന്‍ ആളുകളോടു പള്ളിയില്‍ നിന്നു പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. പള്ളിയില്‍ നിന്നു പുറത്തുവന്ന ദമ്പതികള്‍ ടാക്‌സി വിളിച്ച് ഭക്ഷണം കഴിക്കുന്നതിനായി പോയി.

എന്നാല്‍ റോഡുകളില്‍ അപ്രതീക്ഷിത തിരക്കു കണ്ട് ഹോട്ടലിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തു നില്‍ക്കുന്നതാണ് കണ്ടത്. അപ്പോള്‍ എന്താണ് നടക്കുന്നതെന്ന് മനസിലായില്ലെന്നും പിന്നീട് വാര്‍ത്തകളില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുമാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അവര്‍ പറയുന്നു. കണ്‍മുന്നില്‍ നടന്നതെല്ലാം ഒരു സിനിമ പോലെയാണു തോന്നുന്നതെന്ന് അഭിനവും ഭാര്യയും പറയുന്നു.

2008-ല്‍ മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ അഭിനവ് മുംബൈയില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു. ആറു ദിവസത്തെ ആ ഭീകര ദിനങ്ങളെ ഭീതിയോടെയാണ് അഭിനവ് ഓര്‍ത്തെടുക്കുന്നത്. ദുബായിയില്‍ ജനിച്ചുവളര്‍ന്ന താന്‍ രണ്ടു തവണ മാത്രമാണ് രാജ്യത്തിനു പുറത്തേക്കു പോയിരിക്കുന്നതെന്നും രണ്ടു പ്രാവശ്യവും മതതീവ്രവാദത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നെന്നും അഭിനവ് ഗല്‍ഫ് ന്യൂസിനോട് പറഞ്ഞു.

Exit mobile version