രണ്ട് ഐഡി കാര്‍ഡുകള്‍, അനുമതി ഇല്ലാതെ റാലി, എന്താണ് ഗൗതം നിയമം അറിയില്ല എങ്കില്‍ പഠിച്ചിട്ട് വന്ന് കളിക്ക്; ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഗൗതംഗംഭീറിനെതിരെ വിമര്‍ശനവുമായി ഈസ്റ്റ് ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇല്ലാതെ ഗൗതം ഗംഭീര്‍ റാലി നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് കൊടുത്ത സംഭവത്തിലാണ് അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് അതിഷി മര്‍ലിന എത്തിയത്.

നേരത്തെയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഗംഭീറിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യം, സ്വന്തം പേരില്‍ രണ്ട് ഐഡി കാര്‍ഡ് എന്നിവയായിരുന്നു നേരത്തെ ഉയര്‍ന്നത്. ഇതിനെല്ലാം പുറമെ ആയിരുന്നു ഇപ്പോള്‍ അനുമതിയില്ലാതെ റാലി നടത്തിയത്.

‘ആദ്യം നാമനിര്‍ദേശ പത്രികയില്‍ വൈരുദ്ധ്യം. പിന്നെ സ്വന്തം പേരില്‍ രണ്ട് ഐ.ഡി കാര്‍ഡുണ്ടെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ അനുമതിയില്ലാതെ റാലി നടത്തി. എനിക്ക് ഗംഭീറിനോട് പറയാനുള്ളത് നിയമം അറിയില്ലെങ്കില്‍ പിന്നെന്തിനാണ് കളിക്കാന്‍ വരുന്നതെന്നാണ്’. അതിഷി മര്‍ലിന ട്വീറ്റ് ചെയ്തു.

ഗൗതം ഗംഭീറിന് 2 ഐഡി കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് അതിഷി മര്‍ലിന ഗൗതമിന് എതിരെ പരാതി നല്‍കിയിരുന്നു. രാജേന്ദ്ര നഗറിലും കരോള്‍ ബാഗിലുമായി 2 വോട്ടര്‍ പട്ടികയില്‍ ഗൗതം ഗംഭീറിന്റെ പേരുണ്ടെന്നും ഈ രണ്ടു സ്ഥലങ്ങളിലെയും വോട്ടര്‍ ഐഡി ഗംഭീറിന്റെ പക്കലുണ്ടെന്നും എഎപി ആരോപിച്ചിരുന്നു.

Exit mobile version