പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി; റോഡിലും റെയില്‍ പാളത്തിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വാഹന പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്

രാമേശ്വരം: പ്രശസ്തമായ പാമ്പന്‍ പാലത്തിന് ബോംബ് ഭീഷണി. ചെന്നെയിലെ പോലീസ് ഓഫീസിലാണ് ഫോണില്‍ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡിലും റെയില്‍ പാളത്തിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വാഹന പരിശോധനയും പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ശ്രീലങ്കയില്‍ ചാവേര്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ബോംബ് ഭീഷണി സന്ദേശം പോലീസ് ഗൗരവമായി തന്നെ എടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് രാമേശ്വരത്തെ രാമനാഥ ക്ഷേത്രമുള്‍പ്പടെയുള്ളവയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ശ്രീലങ്കയില്‍ നിന്നും ഭീകരര്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് തീരസംരക്ഷണ സേനയും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് വ്യാജ സന്ദേശം നല്‍കിയ ആളെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ സൈനികനായ ഒരു വ്യക്തിയാണ് വ്യാജ ഭീകരാക്രമണ സന്ദേശം നല്‍കിയത്.

Exit mobile version