ബോയ്‌ക്കോട്ട് ലെയ്‌സ് ക്യാമ്പയിന്‍ ഫലം കണ്ടു: നഷ്ടപരിഹാരം വേണ്ട; ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പെപ്സികോ

അഹമ്മദാബാദ്: ലെയ്‌സ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനത്തില്‍ ഞെട്ടി ഒത്തുതീര്‍പ്പിനൊരുങ്ങി പെപ്സികോ. നഷ്ടപരിഹാരം തങ്ങള്‍ക്ക് വേണ്ടെന്നും പകരം ചില ഉപാധികളുണ്ടെന്നുമാണ് പെപ്‌സികോയുടെ ഇപ്പോഴത്തെ നിലപാട്.

ഗുജറാത്തിലെ ഉരുളകിഴങ്ങ് കര്‍ഷകരോട് കോടികള്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട പെപ്സികോയ്‌ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഉപാധികള്‍ അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാവണമെന്നാവശ്യപ്പെടുന്ന പെപ്‌സികോ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും അറിയിക്കുന്നു.

തങ്ങള്‍ ലെയ്സിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തരത്തിലുള്ള ഉരുളകിഴങ്ങുകള്‍ ഇനി കൃഷി ചെയ്യില്ലെന്ന് കര്‍ഷകര്‍ ഉറപ്പുനല്‍കണമെന്നതാണ് പെപ്‌സികോയുടെ ഒരു ഉപാധി. നിലവില്‍ ഉല്പാദിപ്പിച്ച ഉരുളകിഴങ്ങുകള്‍ നശിപ്പിക്കുകയോ പെപ്സികോയുടെ സഹകരണത്തോടെയുള്ള കാര്‍ഷിക പരിപാടിയില്‍ പങ്കാളിയായി ഉത്പന്നങ്ങള്‍ കമ്പനിക്ക് വില്‍ക്കുകയോ ചെയ്യണം. കമ്പനിയില്‍ നിന്ന് ഉപാധി അനുസരിച്ച് വിത്തുകള്‍ വാങ്ങുകയും കൃഷി ചെയ്ത് ഉത്പന്നം കമ്പനിക്ക് തന്നെ വില്‍ക്കുകയും ചെയ്യാവുന്നതാണെന്നും പെപ്‌സികോ കര്‍ഷകര്‍ക്ക് ഉപാധി വെക്കുന്നു.

പെപ്സികോയുടെ ഉപാധികളെ കുറിച്ച് കര്‍ഷകരോട് ചോദിച്ച് അഭിപ്രായം അറിയിക്കാമെന്നാണ് അഹമ്മദാബാദ് കോടതിയില്‍ കര്‍ഷകരുടെ അഭിഭാഷകന്‍ അറിയിച്ചത്. പെപ്സികോയുടെ ഓഫര്‍ പരിഗണിച്ച് ഉടന്‍ കോടതിയില്‍ മറുപടി അറിയിക്കാനാണ് കര്‍ഷകര്‍ ഒരുങ്ങുന്നത്. ജൂണ്‍ 12ന് ആണ് അഹമ്മദാബാദ് കോടതിയില്‍ കേസ് വീണ്ടും പരിഗണിക്കുന്നത്.

പെപ്‌സികോയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ന്ന ലെയ്സ് ബഹിഷ്‌കരണാഹ്വാനം കണ്ടാണ് ഇവര്‍ ഒത്തുതീര്‍പ്പിന് ഉപാധികളുമായെത്തിയത്. #യീ്യരീേേഘമ്യ,െ സ്റ്റാന്‍ഡ് വിത്ത് ഔര്‍ ഫാര്‍മേഴ്സ് തുടങ്ങി കര്‍ഷകര്‍ക്കായി സോഷ്യല്‍മീഡിയകളില്‍ ശക്തമായ ക്യാമ്പെയ്നാണ് നടന്നത്.

ഗുജറാത്തിലെ 4 കര്‍ഷകരോടാണ് പെപ്‌സികോ 1.05 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എഫ്എല്‍ 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ടാണ് പെപ്സികോ നിയമനടപടികള്‍ സ്വീകരിച്ചത്. അനുമതിയില്ലാതെ ഈ തരത്തിലുള്ള ഉരുളകിഴങ്ങ് കൃഷി ചെയ്തെന്നാണ് കര്‍ഷകര്‍ക്കെതിരെ ഇവര്‍ ആരോപിച്ച കുറ്റം.

Exit mobile version