ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചു; എട്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നല്‍ബാരി മേഖലയിലെ മരത്തില്‍ ഐഎസില്‍ ചേരാം എന്ന് കറുപ്പ് കൊടിയില്‍ എഴുതി സ്ഥാപിക്കുകയായിരുന്നു.

ഗുവാഹത്തി: ഇസ്ലാമിക സ്റ്റേറ്റ് ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എട്ടോളം ബിജെപി പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. അസമിലെ നല്‍ബാരി മേഖലയിലാണ് സംഭവം. നല്‍ബാരി മേഖലയിലെ മരത്തില്‍ ഐഎസില്‍ ചേരാം എന്ന് കറുപ്പ് കൊടിയില്‍ എഴുതി സ്ഥാപിക്കുകയായിരുന്നു.

ഐഎസ് പതാകയിലേതിന് സമാനമായ അറബി എഴുത്തുകളും പതാകയിലുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നടന്ന രഹസ്യാന്വേഷണത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ബിജെപി ജില്ലാ കമ്മറ്റി അംഗമായ തപന്‍ ബര്‍മ്മനും പ്രവര്‍ത്തകരായ മുജമ്മില്‍ അലി, മുന്‍ അലി, പുലക് ബര്‍മന്‍, ദീപ്ജ്യോതി താക്കുറി, സാരുജ്യോതി ബെഷ്യ എന്നിവരാണ് പിടിയിലായത്.

മുഖ്യപ്രതി തപന്‍ ബര്‍മ്മന്‍ നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. ബെല്‍സര്‍ പോലീസിനാണ് അന്വേഷണ ചുമതല. മതവിദ്വേഷം വളര്‍ത്താനും കലാപം സൃഷ്ടിക്കാനുമുള്ള ശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റര്‍ പോലീസ് നീക്കം ചെയ്തിട്ടുണ്ട്.

Exit mobile version