രാജ്യത്ത് മോഡി തരംഗം എവിടെയുമില്ല; മോഡി പ്രധാനമന്ത്രിയാവില്ലെന്ന് പ്രവചിച്ച് കംപ്യൂട്ടര്‍ ബാബ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് കംപ്യൂട്ടര്‍ ബാബ ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയത്

ഭോപ്പാല്‍: രാജ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ ഇതിനകം വിധി എഴുതി കഴിഞ്ഞു. എന്നാല്‍ ഇത്തവണ രാജ്യത്ത് മോഡി തരംഗം എവിടെയും കാണാന്‍ സാധിച്ചില്ലെന്നും ഇനി ഒരിക്കല്‍ കൂടി മോഡി പ്രധാനമന്ത്രി ആവില്ലെന്നുമാണ് നംദ്യോ ദാസ് ത്യാഗി എന്ന കംപ്യൂട്ടര്‍ ബാബ പ്രവചിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനന തീയതി അടിസ്ഥാനമാക്കിയാണ് കംപ്യൂട്ടര്‍ ബാബ ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയത്. ബിജെപിയിലൂടെയാണ് നംദ്യോ ദാസ് ത്യാഗി എന്ന കംപ്യൂട്ടര്‍ ബാബ രാഷ്ട്രീയത്തില്‍ ചുവട് വെച്ചത്. ശിവ്‌രാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സഹമന്ത്രി സ്ഥാനം നല്‍കിയ അഞ്ച് സന്യാസിമാരില്‍ ഒരാള്‍ കംപ്യൂട്ടര്‍ ബാബയായിരുന്നു.

നര്‍മ്മദ നദിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള സംരക്ഷണ സമിതി അംഗമായാണ് കംപ്യൂട്ടര്‍ ബാബയെ നിയമിച്ചത്. ഇതിലൂടെയാണ് സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം ഇദ്ദേഹത്തിന് ലഭിച്ചത്. എന്നാല്‍, ആറ് മാസത്തിന് ശേഷം കംപ്യൂട്ടര്‍ ബാബ സഹമന്ത്രി പദത്തിന് തുല്യമായ സ്ഥാനം രാജി വെയ്ക്കുകയായിരുന്നു. നര്‍മ്മദ നദിയുടെ സംരക്ഷണം, പശു സംരക്ഷണം തുടങ്ങിയവയ്ക്കായി നിരവധി പദ്ധതികള്‍ താന്‍ മുമ്പോട്ടു വെച്ചിട്ടും അതൊന്നും നടന്നില്ലെന്നും ബിജെപി മതവിരുദ്ധ പാര്‍ട്ടിയാണെന്നും ആരോപിച്ചാണ് കംപ്യൂട്ടര്‍ ബാബ രാജിവെച്ചത്. കംപ്യൂട്ടറിനെ പോലെ വളരെ വേഗതയില്‍ ചിന്തിക്കുന്നത് കൊണ്ടാണ് നംദ്യോ ദാസ് ത്യാഗിയെ അനുയായികള്‍ കംപ്യൂട്ടര്‍ ബാബ എന്ന് വിളിക്കുന്നത്.

Exit mobile version