യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടല്ല വിവി പാറ്റില്‍ തെളിഞ്ഞത്; പരാതിപ്പെടാത്തത് ശിക്ഷ ഭയന്ന്; മുന്‍ ഡിജിപി

ഗുവാഹാട്ടി; താന്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടല്ല വിവി പാറ്റില്‍ തെളിഞ്ഞതെന്നും എന്നാല്‍, ഇക്കാര്യം തെളിയിക്കാനായില്ലെങ്കില്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഭയന്ന് പരാതി പെട്ടില്ലെന്നും അസം മുന്‍ ഡിജിപി ഹരികൃഷ്ണ ദേക. മാധ്യമങ്ങളോടാണ് അസം മുന്‍ ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്.

‘ലചിത് നഗര്‍ എല്‍പി സ്‌കൂളായിരുന്നു എന്റെ ബൂത്ത്. വോട്ടുചെയ്തപ്പോള്‍ താന്‍ യന്ത്രത്തില്‍ രേഖപ്പെടുത്തിയ ആളുടെ പേരല്ല വിവി പാറ്റില്‍ തെളിഞ്ഞത്. ക്രമക്കേടുണ്ടെന്ന് ഞാനവരോടു പറഞ്ഞു. പരാതി നല്‍കിയാല്‍ പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ആരോപണം തെളിയിക്കാനായില്ലെങ്കില്‍ ആറുമാസം ശിക്ഷിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. അതിനാല്‍ ഒരു സാഹസത്തിനു ഞാന്‍ തയ്യാറായില്ല. എങ്ങനെയാണത് തെളിയിക്കേണ്ടതെന്ന് എനിക്കറിയില്ല- ഹരികൃഷ്ണ ദേക പറഞ്ഞു.

തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ ഇങ്ങനെ പരാതിപ്പെട്ട വോട്ടര്‍ക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരം കേസെടുത്തിരുന്നു. സംഭവം വിവാദമായതോടെ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യക്തിപരമായി പരാതിപ്പെട്ട വോട്ടര്‍ക്കെതിരേ കേസ് എടുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും നിലവിലെ നടപടി ക്രമങ്ങള്‍ പാലിച്ചാണ് നടപടിയെന്നും ടിക്കാറാം മീണ ഇതിനോട് പ്രതികരിച്ചു.

Exit mobile version