നിയമസഭാ തെരഞ്ഞെടുപ്പ്; വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാനായില്ല, കൊച്ചുമകന്‍ അര്‍ജ്ജുന് ഇത്തവണ കന്നി വോട്ട്

VS Achuthananthan | Bignewslive

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിക്കും വോട്ട് ചെയ്യാന്‍ സാധിച്ചില്ല. ഇരുവര്‍ക്കും അമ്പലപ്പുഴയിലാണ് സമ്മതിദാനമുള്ളത്. അതേസമയം, പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണമാണ് ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ എത്താന്‍ സാധിക്കാതെ ഇരുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വിഎസ് അച്യുതാനന്ദന്‍. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്.

പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകന്‍ വിഎ അരുണ്‍ കുമാറും കുടുംബവും രാവിലെ സ്‌കൂളില്‍ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകന്‍ അര്‍ജ്ജുന് ഇത്തവണ കന്നി വോട്ട് ഉണ്ടായിരുന്നു.

എണ്‍പത് വയസ്സ് പിന്നിട്ടവര്‍ക്ക് പോസ്റ്റല്‍ വോട്ട് സൗകര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. എണ്‍പത് വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം കിട്ടണമെങ്കില്‍ അതാത് മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്. ഇക്കാരണത്താലാണ് വിഎസിന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിക്കാതെ വന്നത്.

Exit mobile version