ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു; ഗുര്‍ദാസ്പൂരില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലിന്റെയും നിര്‍മ്മലാ സീതാരാമന്റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ഡിയോള്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.

‘എന്റെ പിതാവ് അടല്‍ ബിഹാരി വാജ്‌പേയ്‌ക്കൊപ്പം ചേര്‍ന്നത് പോലെ ഞാനിപ്പോള്‍ നരേന്ദ്ര മോഡിക്കൊപ്പം ചേരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്കും എനിക്ക് മോഡി വേണം’. ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം സണ്ണി ഡിയോള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി സണ്ണി ഡിയോള്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എന്നാല്‍ തന്റെ കൂടിക്കാഴ്ച വെറുതെയാണെന്നും രാഷ്ട്രീയത്തിലേക്ക് വരാനല്ലെന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

Exit mobile version