ലൈംഗിക ആരോപണം; സുപ്രീം കോടതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകര്‍ പ്രതിഷേധം നടത്തിയത്

ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ അകപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍ രംഗത്ത്. സുപ്രീം കോടതിക്ക് മുന്നിലാണ് ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധം നടത്തിയത്.

രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ പരാതിയില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകര്‍ പ്രതിഷേധം നടത്തിയത്. പ്ലക്കാഡുമായി സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധിച്ച അഭിഭാഷകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ചെയ്തത്. ചീഫ് ജസ്റ്റിസിനെതിരായി മുന്‍കോടതി ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചീഫ് ജസ്റ്റ്സിന്റെ വസതിയില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് 22 സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി ആരോപിക്കുന്നത്.

അതേസമയം പ്രതിഷേധം കാരണം പതിനെട്ട് മിനിറ്റ് വൈകിയാണ് ചീഫ് ജസ്റ്റിസ് കോടതിയിലെത്തിയത്. തനിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടിയന്തര സിറ്റിംഗ് വിളിച്ച് ചേര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന ‘പിഎം നരേന്ദ്ര മോഡി’ എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജിയില്‍ അടക്കം സുപ്രധാന വിഷയങ്ങളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Exit mobile version