ന്യൂഡല്‍ഹി : ബിജെപി വക്താവും എംപിയുമായ ജിവിഎല്‍ നരസിംഹ റാവുവിനെതിരെ ഷൂ എറിഞ്ഞ ഡോക്ടറെ പോലീസ് വിട്ടയച്ചു. സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കാന്‍പൂരിലെ ഭാര്‍ഗവയില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ഇയാളെ വിട്ടയച്ചത്.
സംഭവത്തില്‍ ഡല്‍ഹി പോലീസും ഇന്റലിജന്‍സ് ബ്യൂറോയും നടത്തിയ അന്വേഷണത്തില്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനാണ് ഇയാള്‍ ഇത്തരത്തിലൊരും നീക്കം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഇയാള്‍ക്കെതിരെ പരാതി ഒന്നും ലഭിച്ചിട്ടില്ലയെന്നും കുറ്റം ചുമത്തേണ്ട സാഹചര്യം ഇല്ലെന്നും പോലീസ് പറഞ്ഞു.
ഇന്നലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ജിവിഎല്‍ നരസിംഹ റാവുവിനെതിരെ ഡോക്ടര്‍ ഷൂ എറിയുകയായിരുന്നു. മലെഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന സാധ്വി പ്രഗ്യക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെ ന്യായീകരിച്ച് ജിവിഎല്‍ നരസിംഹറാവു സംസാരിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് എംപിക്ക് നേരെ ഷൂ എറിഞ്ഞത്.