സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയില്ല; അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

ന്യൂഡല്‍ഹി: സുപ്രീംകോടതി തീരുമാനത്തില്‍ തൃപ്തിയില്ല, അമ്പത് ശതമാനം വിവി പാറ്റുകള്‍ എണ്ണണമെന്ന ആവശ്യത്തില്‍ ഉറച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു മണ്ഡലത്തില്‍ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകള്‍ മാത്രം എണ്ണണമെന്ന ഉത്തരവിനെതിരെയാണ് വീണ്ടും പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കുന്നത്.

ചന്ദ്രബാബു നായിഡു, അഭിഷേക് സിഗ്‌വി, സുധാകര്‍ റെഡ്ഡി, അരവിന്ദ് കെജരിവാള്‍, കപില്‍ സിബല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

വോട്ടിങ് യന്ത്രത്തില്‍ വിവി പാറ്റ് കാണിക്കേണ്ടത് 7 സെക്കന്റ് സമയത്തേക്കാണ്. എന്നാല്‍ ഇത് പലയിടത്തും മൂന്ന് സെക്കന്റില്‍ താഴെയാണ് കാണിക്കുന്നതെന്നും വിവി പാറ്റ് എണ്ണാന്‍ ആറ് ദിവസം എടുക്കും എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആന്ധ്രയില്‍ പ്രതികാരബുദ്ധിയോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടല്‍ നടത്തി. 900 കോടി ചിലവിട്ട് വിവി പാറ്റ് മെഷിനുകള്‍ സ്ഥാപിച്ചത് എന്തിനായിരുന്നുവെന്നും പ്രതിപക്ഷം ചോദിച്ചു.

വോട്ടര്‍മാരുടെ അവകാശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ട് എണ്ണുമ്പോള്‍ എന്താണ് സംഭവിക്കുക എന്ന് സുപ്രീംകോടതിക്ക് അറിയില്ലെന്ന് കപില്‍ സിബല്‍ പ്രതികരിച്ചു.

Exit mobile version