തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോഡിയുടെ കൈയ്യിലെ കളിപ്പാവ; വിമര്‍ശനവുമായി ചന്ദ്രബാബു നായിഡു

ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ സീറ്റിലേക്കും വോട്ടെടുപ്പ് നടന്നത്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യിലെ കളിപ്പാവയാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ്. എന്നാല്‍ കമ്മീഷന്‍ മോഡിയുടെ ചൊല്‍പ്പടിക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്ര ബാബു നായിഡു കുറ്റപ്പെടുത്തി. ആന്ധ്രാപ്രദേശില്‍ റീപോളിംഗ് വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നായിഡു.

ഏപ്രില്‍ പതിനൊന്നിന് ആന്ധ്രപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 30 മുതല്‍ 40 വരെ വോട്ടിംഗ് മെഷീന്‍ തകരാറിലായെന്നും, അതിനാല്‍ റീപോളിംഗ് വേണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കണ്ടത്. മെഷീനുകള്‍ തകരാറിലായ 150 പോളിംഗ് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്നായിരുന്നു ആവശ്യം.

വോട്ടെടുപ്പിനിടെ വലിയ പ്രതിസന്ധിയാണ് ആന്ധ്രയില്‍ നേരിട്ടത്. 4,583 വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായി എന്നും ചന്ദ്രബാബു നായിഡു കമ്മീഷനെ അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല. ഏപ്രില്‍ 11നാണ് ആന്ധ്രയില്‍ 25 ലോക്‌സഭ മണ്ഡലങ്ങളിലേക്കും 175 നിയമസഭ സീറ്റിലേക്കും വോട്ടെടുപ്പ് നടന്നത്.

Exit mobile version