റാഫേലിന്റെ പിന്‍ബലം; നികുതി വെട്ടിപ്പ് നടത്തിയ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോ ഇളവ് അനുവദിച്ചു

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് വന്‍ നികുതി ഇളവ് നല്‍കിയതായി റിപ്പോര്‍ട്ട്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ കരാറിന്റെ പിന്‍ബലത്തിലാണ് ഈ ഇളവ്. നിലവില്‍ നികുതി വെട്ടിപ്പിന് അംബാനിയുടെ ടെലികോം കമ്പനിയെ നോട്ടമിട്ട് വെച്ചിരിക്കുകയായിരുന്നു ഫ്രാന്‍സ് അതിനിടയിലാണ് നികുതിയില്‍ ഇളവ് നല്‍കുന്നു എന്ന വാര്‍ത്ത പുറത്ത് വരുന്നത്. 143.7 ദശലക്ഷം യൂറോയാണ് ഇളവ് നല്‍കിയത്. ഫ്രഞ്ച് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.

അനില്‍ അംബാനി ഫ്രാന്‍സില്‍ ആരംഭിച്ച ടെലികോം കമ്പനിയായ റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ലാഗ് ഫ്രാന്‍സിനാണ് വന്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഈ കമ്പനി വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടത്തിയിരുന്നതായി 2007, 2010 കാലഘട്ടത്തില്‍ ഫ്രഞ്ച് ആദായ നികുതി വകുപ്പ് 60 ദശലക്ഷം യൂറോ പിഴയിട്ടിരുന്നു. എന്നാല്‍ വിഷയം ഒതുക്കി തീര്‍ക്കാന്‍ അനില്‍ അംബാനി 8 ദശലക്ഷം യൂറോ വാഗ്ദാനം ചെയ്‌തെങ്കിലും നടന്നില്ല. കൂടാതെ 2012ല്‍ 91 ദശലക്ഷം യൂറോ അധികം നികുതി അടയ്ക്കണമെന്ന് കമ്പനിയോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടു.

നിലവില്‍ 143. 7 ദശലക്ഷം യൂറോയുടെ ഇളവാണ് അംബാനിക്ക് ഫ്രഞ്ച് ആദായ നികുതി വകുപ്പ് നല്‍കിയിരിക്കുന്നത്. റാഫേല്‍ നിര്‍മ്മാതാക്കളായ ഡസോ ഏവിയേഷനുമായി അനുബന്ധകരാറില്‍ റിലയന്‍സ് ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചത് എന്നാണ് നിഗമനം.

Exit mobile version