പ്രാസംഗികനടക്കം ആറു പേര്‍, കേള്‍വിക്കാരനായി ഒരാള്‍, ഇത് ജനാധിപത്യത്തിന്റെ വിസ്മയമെന്ന് ആനന്ദ് മഹീന്ദ്ര; വൈറലായി ട്വീറ്റ്

ഇത് കേരളമാണോ..? പഴയതോ പുതിയതോ..? തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുറപ്പിക്കാന്‍ പാര്‍ട്ടികള്‍ പ്രചാരണം ശക്തമാക്കി മുന്‍പോട്ട് പോവുകയാണ്. ചിലയിടങ്ങളില്‍ കവല പ്രസംഗവും മറ്റും നടത്തുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കവല പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പ്രാസംഗികനടക്കം ആറു പേരാണ് വേദിയിലുള്ളത്. കേള്‍വിക്കാരനായി ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് ജനാധിപത്യത്തിന്റെ വിസ്മയം! എന്ന് പറഞ്ഞു കൊണ്ടാണ് കവല പ്രസംഗത്തിന്റെ ചിത്രം മഹീന്ദ്ര ഗ്രൂപ്പ് സിഇഒ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.

ഇത് കേരളമാണോ..? പഴയതോ പുതിയതോ..? തുടങ്ങിയ ചോദ്യങ്ങളാണ് ഉയര്‍ന്നു വരുന്നത്. ‘പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്കെത്തിയിരിക്കുന്നു. ആരോ എനിക്ക് വാട്‌സ്ആപ്പില്‍ അയച്ച ചിത്രമാണിത്. എവിടെനിന്നാണ് ഇത് പകര്‍ത്തിയതെന്നോ എത്രനാളത്തെ പഴക്കമുണ്ടെന്നോ അറിയില്ല. പക്ഷേ, ജനാധിപത്യമെന്ന വിസ്മയത്തിന്റെ ആകെത്തുകയാണിത്. ജനക്കൂട്ടങ്ങളുടെ ചിത്രത്തെക്കാള്‍ മികച്ചത്. എല്ലാവര്‍ക്കും എന്തെങ്കിലും പറയാനുണ്ടാകും, അത് കേള്‍ക്കാനും ഒരാളെങ്കിലും കാണും.’ ഇതായിരുന്നു ചിത്രത്തിനൊപ്പമുള്ള കുറിപ്പ്.

ട്വീറ്റിന് ലഭിച്ച ആദ്യ മറുപടി തന്നെ ഈ ചിത്രം കേരളത്തില്‍ നിന്നുള്ളതാണ് എന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രമെന്ന് പറയുന്നുണ്ടെങ്കിലും സത്യസ്ഥിതി ഇതുവരെയും വെളിപ്പെട്ടിട്ടില്ല. സ്ഥാനാര്‍ത്ഥിയുടെ പേരോ ഫോട്ടോയോ ചിഹ്നമോ ഒന്നും വേദിയിലോ സമീപത്തോ കാണാനില്ല. റോഡരികില്‍ നടക്കുന്ന ഒരു യോഗം എന്ന് മാത്രമേ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവൂ.

Exit mobile version