അയോധ്യയിലെ തര്‍ക്കമില്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം; ഹര്‍ജി സുപ്രീം കോടതി തള്ളി; രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി

തര്‍ക്കമില്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് അമര്‍നാഥ് മിശ്രയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്

ന്യൂഡല്‍ഹി; അയോധ്യയിലെ തര്‍ക്കം ഇല്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

രാജ്യത്തെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലേ എന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹര്‍ജിക്കാരനോട് സുപ്രീംകോടതി ചോദിച്ചു. തര്‍ക്കമില്ലാത്ത ഭൂമിയില്‍ പൂജ നടത്താന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പണ്ഡിറ്റ് അമര്‍നാഥ് മിശ്രയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കൂടാതെ ഹര്‍ജിക്കാരന് അലഹബാദ് ഹൈക്കോടതി ചുമത്തിയ അഞ്ച് ലക്ഷം രൂപയുടെ പിഴയും സുപ്രീംകോടതി ശരി വച്ചു.

അയോധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ച പരിഹരിക്കാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയമിച്ചിട്ടുണ്ട്. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Exit mobile version