വോട്ടിങ് തുടങ്ങും മുന്‍പേ ഇവിഎമ്മില്‍ നൂറിലധികം വോട്ടുകള്‍; 125 വോട്ടുകള്‍ കളഞ്ഞ് അധികൃതര്‍, തങ്ങളുടെ വോട്ട് കൂടി കളഞ്ഞുവെന്ന പരാതിയുമായി വോട്ടര്‍മാരും!

തങ്ങള്‍ ചെയ്ത വോട്ടുകൂടി പോളിങ് സ്റ്റാഫ് ഡിലീറ്റ് ചെയ്തുകളഞ്ഞെന്ന പരാതിയുമായി ഒരു സംഘം ആളുകള്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

മസുല: ആന്ധ്രാപ്രദേശിലെ മസുലയില്‍ ഇന്നലെ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ അവസാനമില്ലാതെ വിവാദങ്ങള്‍. വോട്ടിങ് തുടങ്ങും മുന്‍പേ ഇവിഎമ്മില്‍ നൂറിലധികം വോട്ടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ഇവിഎമ്മില്‍ രേഖപ്പെടുത്തിയ 125 വോട്ടുകള്‍ പോളിങ് സ്റ്റാഫ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്തവയില്‍ തങ്ങളുടെ വോട്ട് കൂടി ഉള്‍പ്പെടുന്നുവെന്ന് വോട്ടര്‍മാരും പരാതിപ്പെടുന്നു. മച്ചിലിപ്പട്ടണത്ത് വെച്ച് നടന്ന മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകളാണ് ഡിലീറ്റ് ചെയ്തതെന്നും വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നു പോയതെന്നുമാണ് നല്‍കുന്ന വിശദീകരണം.

”ഇവിഎം കൃത്യമായിട്ടാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാനായി മച്ചിലിപ്പട്ടണത്ത് വെച്ച് നടത്തിയ മോക് പോളില്‍ ഉപയോഗിച്ച ഇവിഎം ആയിരുന്നു ഇത്. എന്നാല്‍ മോക് പോളിന് ശേഷം ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ ക്ലിയര്‍ ചെയ്യാന്‍ മറന്നു. വോട്ടിങ് ആരംഭിച്ചതിന് ശേഷമാണ് ഇവിഎമ്മില്‍ നേരത്തെ രേഖപ്പെടുത്തിയ വോട്ടുകള്‍ ഉണ്ടെന്ന കാര്യം മനസിലായത്. 125 ഓളം വോട്ടുകളായിരുന്നു ഇവിഎമ്മില്‍ രേഖപ്പെടുത്തിയിരുന്നത്. അത് നീക്കം ചെയ്യുകയായിരുന്നു”- റിട്ടേണിങ് ഓഫീസറായ ജെ ഉദയഭാസ്‌ക്കര്‍ പറയുന്നു.

തങ്ങള്‍ ചെയ്ത വോട്ടുകൂടി പോളിങ് സ്റ്റാഫ് ഡിലീറ്റ് ചെയ്തുകളഞ്ഞെന്ന പരാതിയുമായി ഒരു സംഘം ആളുകള്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വോട്ടര്‍മാരുടെ വ്യാപക പരാതിയെ തുടര്‍ന്ന് പുതിയ ഇവിഎം എത്തിച്ച് വോട്ടെടുപ്പ് ആരംഭിച്ചു. ആരുടെ വോട്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും പോളിങ് സ്റ്റാഫ് വ്യക്തമാക്കി. മോക്ക് പോളിനായി എത്തിച്ച ഇവിഎം ക്ലിയര്‍ ചെയ്യാതെ തെരഞ്ഞെടുപ്പിനായി എത്തിച്ചത് ഗുരുതരപിഴവാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Exit mobile version