പരാജയത്തിന് കാരണം ഇവിഎം മെഷീനിലെ അട്ടിമറി; ഊര്‍മ്മിള മണ്ഡോദ്കര്‍

ബിജെപിയുടെ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ വിജയിച്ചത്

മുംബൈ: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യ മുഴുവന്‍ തൂത്തുവാരി വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ് എന്‍ഡിഎ. 299 സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ വിജയിച്ചത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ഇപ്പോഴിതാ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച ഊര്‍മ്മിള മണ്ഡോദ്കര്‍ തന്റെ പരാജയത്തിന് കാരണം ഇവിഎം മെഷീനിലെ അട്ടിമറിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ബിജെപിയുടെ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ വിജയിച്ചത്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണ് മുംബൈ നോര്‍ത്ത്. ഊര്‍മ്മിളയുടെ താരമൂല്യം കോണ്‍ഗ്രസ് പരമാവധി പ്രയോജനപ്പെടുത്തിയെങ്കിലും വിജയം നേടാനായില്ല.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടി അഞ്ച് ലക്ഷത്തിനു മുകളിലാണ് വോട്ടുകള്‍ നേടിയത്. ഊര്‍മ്മിളയ്ക്കു ലഭിച്ചത് വെറും ഒരുലക്ഷത്തിഎഴുപത്തിആറായിരം വോട്ടുകളാണ്. ഈ സാഹചര്യത്തിലാണ് ഇവിഎം നമ്പറിലും ഫോമിലെ ഒപ്പുകളിലും വലിയ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് ഊര്‍മ്മിള രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള പറഞ്ഞു.

Exit mobile version