‘ഇത്തവണ രാഹുല്‍-മോഡി പോരാട്ടം ഉണ്ടാകില്ല, മോഡിക്കെതിരെ മത്സരിക്കുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി, ഇടത് തരംഗമുള്ള കേരളത്തില്‍ മത്സരിക്കേണ്ട എന്ന് രാഹുലിനോട് പറഞ്ഞതാണ്; ശരത് പവാര്‍

മുംബൈ: തന്റെ ഉപദേശം മറി കടന്നാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത്‌ പവാര്‍ പറഞ്ഞു. മോഡിക്കെതിരെ മത്സരിക്കുന്ന നിരവധി പേരില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍ ഗാന്ധി എന്നും എല്ലാവരും പ്രതീക്ഷിക്കുന്ന പോലെ മോഡി-രാഹുല്‍ പോരാട്ടം ഇത്തവണ ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ ശക്തമാണെന്നും ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പാര്‍ട്ടികള്‍ ബിജെപിക്കെതിരാണെന്നും ശരത് പവാര്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ല ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു പ്രശ്‌നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാരുടേയും ഉത്തരവാദിത്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ തീരുമാനം എടുത്തു. ഇതറിഞ്ഞ് താന്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ഉമ്മന്‍ചാണ്ടിയാണ് രാഹുല്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തില്‍ മുഖ്യ പങ്ക് വഹിച്ചതെന്നും ശരത്‌ പവാര്‍ പറഞ്ഞു. രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വയനാടിന് പകരം തൊട്ടപ്പുറത്തെ കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലത് എന്നായിരുന്നു തന്റെ അഭിപ്രായമെന്നും ശരത്‌ പവാര്‍ പറഞ്ഞു.

മത്സരരംഗത്ത് പ്രധാനമായും എന്‍സിപിയും കോണ്‍ഗ്രസുമാണുള്ളത്. ബിജെപിയെ തകര്‍ക്കുക എന്ന ലക്ഷമാണ് ഈ മഹാ സഖ്യത്തിന് പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിക്കെതിരെ നേതാക്കളുടെ വലിയ നിര തന്നെ പ്രതിപക്ഷത്തുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ബിജെപി സര്‍ക്കാരിനെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് നല്ലതാണ്. എല്ലാവരും ആ നിലയ്ക്കാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരത്‌ പവാര്‍ പറഞ്ഞു.

Exit mobile version