ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

സംസ്ഥാനത്തെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിംഗ് യന്ത്രങ്ങളാണ് രാവിലെ തകരാറിലായത്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 30 ശതമാനം പോളിങ്‌ ബൂത്തുകളിലും റീപോളിങ്‌ വേണമെന്ന് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു.

തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതോടെ രാവിലെ 9.30ന് പോലും പല ബൂത്തുകളിലും വോട്ടെടുപ്പ് തുടങ്ങാനായില്ലെന്നും പലയിടങ്ങളില്‍ നിന്നും വോട്ടര്‍മാര്‍ മടങ്ങി പോയെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. റീപോളിങ്‌ ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

സംസ്ഥാനത്തെ നിരവധി ബൂത്തുകളിലായി നൂറോളം വോട്ടിങ് യന്ത്രങ്ങളാണ് രാവിലെ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ക്ഷുഭിതനായി ജനസേന സ്ഥാനാര്‍ത്ഥി മധുസുദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിങ് ബൂത്തില്‍ കയറി വോട്ടിങ് യന്ത്രം തകര്‍ത്തിരുന്നു.

തുടര്‍ന്ന് ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റാണ് രണ്ട് പേര്‍ മരിച്ചത്. ഒരു ടിഡിപി പ്രവര്‍ത്തകനും ഒരു വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

Exit mobile version