എന്‍ഡിഎ വിട്ടത് തിരിച്ചടിയായി, തുടര്‍ന്നിരുന്നെങ്കില്‍ ചിത്രം വേറെ ആയേനെ; ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: എന്‍ഡിഎ വിട്ടത് തിരിച്ചടിയായെന്ന് തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച വിശാഖപട്ടണത്ത് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളുമായുള്ള തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വെളിപ്പെടുത്തിയത്. തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത് നഷ്ടകച്ചവടമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ടിഡിപി കേന്ദ്രസര്‍ക്കാരുമായും ബിജെപിയുമായും തെറ്റിയതെന്നും എന്നാല്‍ പാര്‍ട്ടിക്ക് ഇത് നഷ്ടങ്ങള്‍ മാത്രമുണ്ടാക്കിയെന്നുമാണ് ചന്ദ്രബാബു നായിഡു പറയുന്നത്. എന്‍ഡിഎയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ചിത്രം വേറെ ആയേനെ എന്നും ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു പറഞ്ഞു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ടിഡിപി എന്‍ഡിഎ വിട്ടത്.

ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവനയില്‍ ബിജെപി നേതാക്കളാരും ഇതുവരെ മനസ്സുതുറന്നിട്ടില്ല. ചന്ദ്രബാബു നായിഡുവിനെയും പാര്‍ട്ടിയെയും മുന്നണിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭാവിയില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ ഇരുപാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായും ബന്ധം സ്ഥാപിക്കുന്നതും നായിഡുവിന്റെ പരിഗണനയിലാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപി- ടിഡിപി-ജെഎസ് കൂട്ടായ്മ ചന്ദ്രബാബു നായിഡുവിന് വിജയം സമ്മാനിച്ചു. എന്നാല്‍ 2019ല്‍ മുന്നണിയില്‍ നിന്ന് മാറി മത്സരിച്ചപ്പോള്‍ ദയനീയ പരാജയമാണ് നേരിട്ടത്.

Exit mobile version