‘ജലം അമൂല്യമാണ് അത് പാഴാക്കരുത്’എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് ബോധവത്കരണത്തിന് നടന്നു, 5 വര്‍ഷത്തിനുള്ളില്‍ പത്ത് കുളങ്ങള്‍ സംരക്ഷിച്ചു; ഇന്ന് നാട്ടുകാര്‍ക്ക് കണ്ണിലുണ്ണിയാണ് ഈ യുവാവ്

നോയിഡ:വേനല്‍ കടുത്തതോടെ രാജ്യത്ത് പലയിടത്തും വെള്ളത്തിന് ക്ഷാമം ആയിരിക്കുന്നു. തൊണ്ട നനയ്ക്കാന്‍ പോലും ചിലയിടങ്ങളില്‍ വെള്ളമില്ല. അതേസമയം ജലം സംരക്ഷിക്കണം പാഴാക്കരുത് എന്ന് അഭ്യര്‍ത്ഥിച്ച് ഒരു 26കാരന്‍ നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുകയാണ്.

മെക്കാനിക്കല്‍ എഞ്ചിനീയറായ യുവാവാണ് തന്റെ ഗ്രാമത്തില്‍ വെള്ളത്തിന്റെ പ്രധാന്യത്തെ കുറിച്ചും ജലം പാഴാക്കരുത് എന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. നോയിഡയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന രാം വീര്‍ തന്‍വാര്‍ എന്ന യുവാവ് തന്റെ ജോലി രാജി വെച്ചാണ് വെള്ളത്തിന്റെ പ്രാധാന്യത്തെകുറിച്ച് നാട്ടുകാര്‍ക്ക് ക്ലാസെടുക്കുന്നത്. ഇതേ തുടര്‍ന്ന് തന്റെ നാട്ടിലുള്ള ചെറിയ കുളങ്ങള്‍ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ദൗത്യം ഏറ്റെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ 10 കുളങ്ങള്‍ സംരക്ഷിക്കുന്നതില്‍ നാട്ടുകാര്‍ വിജയിച്ചെന്ന് അദ്ദേഹം പറയുന്നു. തന്റെ ബോധവത്കരണമാണ് ഈ വിജയത്തിന് പിന്നില്‍ എന്നത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ബിടെക്, എംടെക് പഠിക്കുന്ന സമയത്താണ് വെള്ളത്തിന്റെ വില മനസിലാക്കുന്നത്. വലിയ സിറ്റിയിലൊക്കെ ആളുകള്‍ 20 രൂപ മുടക്കി ഒരു ലിറ്റര്‍ വെള്ളം വാങ്ങുമ്പോള്‍ എന്റെ ഗ്രാമത്തില്‍ 100 ലിറ്റര്‍ വെള്ളം വരെ ഒരു ദിവസം വെറുതെ കളയുന്നു. ഞാന്‍ ശരിക്കും ഷോക്ക് ആയി ഒരു സ്ഥലത്ത് വെള്ളം കിട്ടാതെ വലയുമ്പോള്‍ മറ്റൊരു സ്ഥലത്ത് വെള്ളം കളയുന്നു. ഇതിനെതിരെയാണ് ഞാന്‍ ബോധവത്കരണം തുടങ്ങിയത്’ യുവാവ് പറയുന്നു.

പഠനകാലത്ത് ജല്‍-ചൗപല്‍ എന്ന പേരില്‍ യുവാവ് ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ലക്ഷ്യ പ്രാപ്തിക്ക് വേണ്ടി ജില്ലാഭരണകൂടവും പ്രചോദനം നല്‍കി. ചെറുപ്പത്തില്‍ അനുപം മിശ്ര എഴുതിയ പുസ്തകം വായിച്ച ശേഷമാണ് വെള്ളത്തിന്റെ പ്രാധാന്യം തനിക്ക് മനസിലായതെന്ന് യുവാവ് പറയുന്നു.

Exit mobile version