മോശം കാലാവസ്ഥ; ഉത്തര്‍പ്രദേശില്‍ നടത്താനിരുന്ന രാഹുലിന്റെയും പ്രിയങ്കയുടെയും റോഡ് ഷോ റദ്ദാക്കി

മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റോഡ് ഷോകള്‍ റദ്ദാക്കിയത്. മൂന്ന് സ്ഥലങ്ങളിലാണ് റോഡു ഷോകള്‍ നടത്താനിരുന്നത്.

ലഖ്‌നൗ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് യുപിയില്‍ നടത്താനിരുന്ന റോഡ് ഷോകള്‍ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് റോഡ് ഷോകള്‍ റദ്ദാക്കിയത്. മൂന്ന് സ്ഥലങ്ങളിലാണ് റോഡു ഷോകള്‍ നടത്താനിരുന്നത്.

സഹാരന്‍പൂര്‍, ഷാമ്ലി, ബിജ്‌നോര്‍ എന്നിവിടങ്ങളിലെ റാലികളാണ് അവസാന നിമിഷം ഒഴിവാക്കിയത്. അതേസമയം, നാളെ കാലാവസ്ഥ അനുകൂലമാവുമെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടത്തുമെന്ന് സഹാരന്‍പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദ് അറിയിച്ചു.

ഇന്നലെ എസ്പി, ബിഎസ്പി സഖ്യത്തിന്റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരില്‍ നിന്നാണ് രാഹുലും പ്രിയങ്കയും റോഡ്‌ഷോ അടക്കമുള്ള ഇന്നത്തെ പ്രചാരണ പരിപാടികള്‍ തുടങ്ങാനിരുന്നത്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുലിനൊപ്പം ഉത്തര്‍പ്രദേശില്‍ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് വേണ്ടെന്ന് വച്ചത്.

Exit mobile version