ബിജെപി പ്രകടനപത്രിക പുറത്തിറക്കി; അച്ഛേദിന്‍ വിട്ട് ഇത്തവണ ‘സങ്കല്‍പ് പത്ര’, 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍; കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പെന്‍ഷന്‍, പ്രകടനപത്രികയില്‍ ശബരിമലയും

ന്യൂഡല്‍ഹി: ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ‘സങ്കല്‍പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പത്രികയാണ് പുറത്തിറക്കിയത്. 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ 75 പദ്ധതികളുമായണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആറുകോടി ജനങ്ങളുമായി സംസാരിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നാണ് ബിജെപിയുടെ വാദം.

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് വാഗ്ദാനം. കര്‍ഷകര്‍ക്ക് 25 ലക്ഷം കോടിയുടെ ക്ഷേമ പെന്‍ഷന്‍. ഏകീകൃത സിവില്‍ കോഡും പൗരത്വ ബില്ലും നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഒരുമയോടെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും ബിജെപി പറയുന്നു. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി എടുക്കും. ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പെന്‍ഷന്‍ നടപ്പാക്കും. പ്രകടനപത്രികയില്‍ ശബരിമലയും ഇടംപിടിച്ചു. ആചാര സംരക്ഷണം ഉറപ്പാക്കുമെന്ന് ബിജെപി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണകാലമായിരുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മാത്രമല്ല അതിര്‍ത്തി സുരക്ഷിതമായെന്നും രാജ്യാഭിമാനം വാനോളം ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം 2014 പ്രതീക്ഷകളുടെ തെരഞ്ഞെടുപ്പ് ആയിരുന്നെന്നും 2019 ആഗ്രഹങ്ങളുടെ തെരഞ്ഞെടുപ്പ് ആകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version