കോണ്‍ഗ്രസിന്റെ പ്രകടന പത്രിക വെറും തട്ടിപ്പ്, സൈന്യത്തിന്റെ ധൈര്യം കളയാനാണ് അവര്‍ ശ്രമിക്കുന്നത്; നരേന്ദ്ര മോഡി

കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രിക വെറും തട്ടിപ്പാണെന്നും അവര്‍ രാജ്യത്തെ സൈനികരുടെ ധൈര്യം കളയാനാണ് ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു

കൊല്‍ക്കത്ത: കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പത്രിക വെറും തട്ടിപ്പാണെന്നും അവര്‍ രാജ്യത്തെ സൈനികരുടെ ധൈര്യം കളയാനാണ് ശ്രമിക്കുന്നതെന്നും മോഡി പറഞ്ഞു. ഇന്ത്യന്‍ സേന പാകിസ്താനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങളില്‍ കയറി അവരെ ഇല്ലാതാക്കാന്‍ ധൈര്യം പ്രകടിപ്പിച്ചവരാണ്. അവര്‍ ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ സൈന്യത്തിന്റെ ധൈര്യം ഇല്ലാതാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മോഡി പറഞ്ഞു. കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് മോഡി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.

രാജ്യം മുമ്പ് ഭരിച്ചിരുന്നവര്‍ ആരും പാകിസ്താനെതിരെ ഒരു മിന്നലാക്രമണത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. അതിര്‍ത്തി കടന്ന് അവരുടെ താവളത്തില്‍ അതിക്രമിച്ച് കയറി തീവ്രവാദികളെ കൊല്ലാനുള്ള ധൈര്യവും അവര്‍ക്കുണ്ടായില്ല. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ തീവ്രവാദത്തെ നേരിട്ട് എതിര്‍ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസിന്റെ പൊള്ളയായ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും സത്യസന്ധതയുള്ള, ധാര്‍മ്മികതയുള്ള ഒരു സര്‍ക്കാര്‍ വേണോ അഴിമതി നിറഞ്ഞ സര്‍ക്കാര്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും റാലി അഭിസംബോധന ചെയ്തുകൊണ്ട് മോഡി പറഞ്ഞു.

Exit mobile version