‘കമല്‍, ഇതൊന്നു കഴിച്ചു നോക്കൂ’ എന്ന് രാഹുല്‍; മുതിര്‍ന്നയാളെ പേരുവിളിക്കുന്നതാണോ ഇന്ത്യയുടെ സംസ്‌കാരമെന്ന് ബിജെപി; മധ്യപ്രദേശില്‍ ഐസ്‌ക്രീം ചൂട് പിടക്കുന്നു!

ഇന്‍ഡോര്‍: മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ നേതാക്കള്‍ തൊടുന്നതെല്ലാം വിവാദങ്ങളും വാര്‍ത്തകളുമാണ്. പ്രചാരണത്തില്‍ വളരെ മുന്നോട്ട് നീങ്ങിയിരിക്കുന്ന കോണ്‍ഗ്രസിനെ ഇപ്പോള്‍ വലച്ചിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥിനെ രാഹുല്‍ പേര് വിളിച്ചതാണ് ഏറ്റവും പുതിയ വിവാദം. പ്രചാരണത്തിരക്കുകള്‍ക്കിടെ ഐസ്‌ക്രീം പാര്‍ലറില്‍ വച്ചായിരുന്നു രാഹുല്‍ കമല്‍നാഥിനെ പേര് വിളിച്ച് അഭിസംബോധന ചെയ്തത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനാണ്.

‘കമല്‍, ഐസ്‌ക്രീം നല്ലതാണ്. നിങ്ങള്‍ക്ക് കഴിച്ചുനോക്കൂ’ എന്നാണ് രാഹുല്‍ഗാന്ധി കമല്‍നാഥിനോട് പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ പെരുമാറ്റം ശരിയല്ലെന്ന് ആരോപിച്ചാണ് ശിവ രാജ് സിംഗ് ചൗഹാന്‍ രംഗത്ത് വന്നത്. പ്രായത്തില്‍ രാഹുലിനേക്കാള്‍ മുതിര്‍ന്ന ഒരാളെ പേര് വിളിച്ച് സംബോധന ചെയ്തത് തെറ്റാണെന്ന നിലപാടിലാണ് ചൗഹാന്‍.

രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് കമല്‍നാഥ്. 70-75 വയസ്സ് പ്രായമുള്ള ഒരാളെ പേര് വിളിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതാണോ? ചൗഹാന്‍ ചോദിച്ചു.

Exit mobile version