ഉരുളക്കിഴങ്ങിന്റെ വില വീണ്ടും നേര്‍ പകുതിയിലേയ്ക്ക്; വീണ്ടും രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യയിലേയ്‌ക്കോ..?

പരമ്പരാഗതമായി നടത്തി വന്ന കൃഷി ഉപേക്ഷിച്ചാണ് പലരും മറ്റു ജോലികള്‍ തേടി പോകുന്നത്.

കൊല്‍ക്കത്ത: ഉരുളക്കിഴങ്ങിന്റെ വില വീണ്ടും കുത്തനെ താഴേയ്ക്ക്. കഴിഞ്ഞ വര്‍ഷം വരെ എട്ട് രൂപ മുതല്‍ ഒന്‍പത് രൂപ വരെയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ നേര്‍ പകുതിയില്‍ വരെ എത്തിനില്‍ക്കുകയാണ്. കിലോയ്ക്ക് ഇപ്പോള്‍ വെറും നാലു രൂപ 50 പൈസയാണ് ഉള്ളത്. ഇതോടെ പശ്ചിമ ബംഗാളിലെ കര്‍ഷകരുടെ ജീവിതം താറുമാറിയിരിക്കുകയാണ്. ഇനി ഇവരും ആത്മഹത്യയിലേയ്ക്ക് തിരിയുമോ എന്നാണ് ആശങ്ക.

ഒരു ലക്ഷത്തി ഇരുപതിനായിരം മുടക്കി ഒന്നര ഏക്കറില്‍ കൃഷി ചെയ്ത് വിളവെടുത്തപ്പോള്‍ തനിയ്ക്ക് കിട്ടിയത് വെറും 55,000 രൂപ മാത്രമാണെന്ന് അക്ബര്‍ മിയ എന്ന കര്‍ഷകന്‍ പറയുന്നു. അടുത്ത വര്‍ഷത്തില്‍ ഉരുളക്കിഴങ്ങ് തന്നെ കൃഷി ചെയ്യണമോ എന്ന ആശയക്കുഴപ്പത്തിലുമാണ് താനെന്ന് അക്ബര്‍ പറയുന്നു. നിലവില്‍ മാര്‍ക്കറ്റില്‍ ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 15 രൂപയാണ് വില. കൃഷി കൊണ്ട് മാത്രം ഒരു കുടുംബത്തിനെ പോറ്റാന്‍ കഴിയില്ലെന്നും മറ്റ് എന്തെങ്കിലും ജോലിയോ വരുമാനമോ ഇല്ലാതെ ജീവിച്ച് പോകുവാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജഗനാഥ് എന്ന കര്‍ഷകനും പറയുന്നു.

പരമ്പരാഗതമായി നടത്തി വന്ന കൃഷി ഉപേക്ഷിച്ചാണ് പലരും മറ്റു ജോലികള്‍ തേടി പോകുന്നത്. നിലവില്‍ സര്‍ക്കാരില്‍ നിന്ന് മാത്രം വിത്തുകള്‍ വാങ്ങി കൃഷി ചെയ്യുന്നവരല്ല, മറിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വിത്തു വാങ്ങി കൃഷി ചെയ്തവരും ഉണ്ട്. ഇവര്‍ക്ക് നഷ്ടം മറ്റുള്ളവരെക്കാള്‍ കൂടുതലാണ്. ഇങ്ങനെ ഒരു അവസ്ഥ ഒട്ടും പ്രതീക്ഷിക്കാത്തതാണെന്ന് ഉജ്ബാര്‍ മിയ എന്ന കര്‍ഷകനും പ്രതികരിച്ചു. 5000 മുതല്‍ 7000 വരെയാണ് തങ്ങള്‍ക്ക് നഷ്ടം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കര്‍ഷകരെ തഴയുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. സര്‍ക്കാര്‍ സ്വീകരിച്ച കര്‍ഷക ദ്രോഹ നടപടിക്കെതിരെ കര്‍ഷകര്‍ തന്നെ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിനെ സമര്‍ദ്ദത്തിലാക്കിയാണ് അവര്‍ നടന്നു നീങ്ങിയത്. കാലുകള്‍ പൊട്ടി ചോര ഒലിച്ചിട്ടും തങ്ങളുടെ അവകാശം നേടി എടുത്തതിനു ശേഷമാണ് അവര്‍ പിന്‍വാങ്ങിയത്. ഇതിനോടകം നിരവധി കര്‍ഷകരാണ് അവകാശങ്ങള്‍ മാനിക്കാതെ തള്ളപ്പെട്ടതിനാല്‍ ജീവനൊടുക്കിയിട്ടുള്ളത്. ഇനിയും രാജ്യത്തിലെ കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടേയ്ക്കുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.

Exit mobile version