ഇന്ത്യന്‍ ആര്‍മിയെ മോഡിയുടെ സേന എന്ന് വിളിക്കുന്നവര്‍ രാജ്യദ്രോഹികളെന്ന് വികെ സിങ്; വിവാദമായതോടെ തടിയൂരാന്‍ ശ്രമം; വീഡിയോ പുറത്തുവിട്ട് പണികൊടുത്ത് ബിബിസി; ട്വിറ്ററിലും വാക്‌പോര്

ഈ കള്ള വാര്‍ത്തയ്ക്ക് പ്രതിഫലമായി എത്ര പണംകിട്ടിയെന്നും വികെ സിങ് ട്വിറ്ററിലൂടെ ബിബിസിയോട് ആരാഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയെ മോഡിയുടെ സേന എന്ന് വിശേഷിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന കേന്ദ്രമന്ത്രി വികെ സിങിന്റെ പ്രസ്താവന വിവാദത്തില്‍. മുന്‍ ആര്‍മി തലവന്‍ കൂടിയായ ബിജെപി നേതാവ് വികെ സിങ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ സേനയെ മോഡിയുടെ സേന എന്ന് വിശേഷിപ്പിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് പ്രതികരിച്ചത്. എന്നാല്‍ ബിബിസി വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ യോഗിയെ ലക്ഷ്യം വെച്ചാണ് ഇതെന്ന് സോഷ്യല്‍മീഡിയയില്‍ വാദമുയരുകയും സംഭവം വിവാദമാവുകയും ചെയ്തതോടെ പരാമര്‍ശം നിഷേധിച്ച് വികെ സിങ് രംഗത്തെത്തി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ആര്‍മിയെ മോഡിയുടെ സേന എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. അതിനാല്‍ യോഗിയെ രാജ്യദ്രോഹിയെന്ന് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നതും.

എന്നാല്‍, താനങ്ങനെ പറഞ്ഞിട്ടില്ലെന്നും മാധ്യമം കള്ളം പറയുകയാണെന്നുമാണ് വികെ സിങിന്റെ വാദം. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തയാളുടെ ഭാഗത്ത് സംഭവിച്ച തെറ്റാണെന്നും ഈ കള്ള വാര്‍ത്തയ്ക്ക് പ്രതിഫലമായി എത്ര പണംകിട്ടിയെന്നും വികെ സിങ് ട്വിറ്ററിലൂടെ ബിബിസിയോട് ആരാഞ്ഞു. ഇതിന് മറുപടിയായി വികെ സിങുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയുടെ പൂര്‍ണ്ണരൂപം ബിബിസി പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

‘ഇന്ത്യന്‍ സേന ആരുടേയും സ്വകാര്യസ്വത്തല്ല, സേന രാജ്യത്തിന്റേത് മാത്രമാണ്. ഇതിനിടെ മോഡിയുടെ സേന എന്നൊക്കെയുള്ള വിശേഷണങ്ങളൊക്കെ എവിടെ നിന്നാണ് വരുന്നത്?’- വീഡിയോയില്‍ സിങ് പറയുന്നതിങ്ങനെ.

ഇതിനുപിന്നാലെ പ്രതിപക്ഷവും വിവാദം ഏറ്റെടുത്ത് രംഗത്തെത്തി. ജനറല്‍ വികെ സിങ് പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ഇന്ത്യന്‍ ആര്‍മിയെ ഒരു വ്യക്തിയുടെ സേനയെന്നോ മോഡി ജിയുടെ സേനയെന്നോ ഒക്കെ വിശേഷിപ്പിക്കുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെയാണെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ട്വീറ്റ് ചെയ്തു. ഇത്തരം ദേശവിരുദ്ധര്‍ക്കെതിരെ ബിജെപി ശക്തമായ നടപടിയെടുക്കണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു.

Exit mobile version