പിഎന്‍ബി തട്ടിപ്പ് കേസിനിടയിലും നീരവ് മോദി വിദേശത്തേക്ക് കടത്തിയത് 89 കോടി; 66 കോടിയുടെ വജ്രവും,50 കിലോ സ്വര്‍ണ്ണവും കടത്തി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി തട്ടിച്ച് രാജ്യത്തു നിന്നും കടന്ന വിവാദ വ്യാവസായി നീരവ് മോദി ഇന്ത്യയില്‍ ക്രിമിനല്‍ കേസ് നേരിടുന്നതിനിടയിലും വിദേശത്തേക്ക് കടത്തിയത് കോടികള്‍. മോദി സിംഗപ്പുരില്‍ നിന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കടത്തിയത് 89 കോടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നീരവ് മോദിയുടെ കേസന്വേഷിക്കുന്ന അന്വേഷണ സംഘം തന്നെയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.

ഇതുകൂടാതെ, മോദിയും അദ്ദേഹത്തിന്റെ അസോസിയേറ്റ്‌സും 66 കോടിയുടെ വജ്രവും കടത്തിയിട്ടുണ്ടെന്നാണ് പുതിയ കേസ്. വജ്രത്തിനോടൊപ്പം 6.5 കോടി രൂപയും 150 പെട്ടി പേളും 50 കിലോ സ്വര്‍ണ്ണവും ദുബായിയിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ നിന്നും ഹോങ്കോങിലേക്ക് കടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

മോദി സ്വത്ത് കണ്ടുകെട്ടാതിരിക്കാന്‍ ബെല്‍വെദര്‍ ഹോള്‍ഡിങ് ഗ്രൂപ്പ് ലിമിറ്റഡ് എന്ന തന്റെ സിംഗപ്പുര്‍ സ്ഥാപനത്തിന്റെ പേരിലുള്ള രണ്ടു അക്കൗണ്ടുകളില്‍ നിന്നും പണം, സഹോദരിയായ പൂര്‍വി മോദി വഴി സൂറിച്ചിലെ ഇഎഫ്ജി ബാങ്കിലേക്ക് മാറ്റിയെന്നാണ് വ്യക്തമാകുന്നത്. അതേസമയം, ഇന്ത്യയില്‍ കേസ് നേരിടുന്ന മോദി ഇപ്പോള്‍ ബ്രിട്ടണിലെ ജയിലിലാണ്. വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് വിവരം.

Exit mobile version