പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ വ്യത്യസ്ത രീതിയുമായി ബിജി പാല്‍; ഓട്ടോയ്ക്ക് മുകളിലെ പൂന്തോട്ടത്തെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങള്‍

മരങ്ങള്‍ സംരക്ഷിക്കൂ, ജീവിതം രക്ഷിക്കൂ എന്ന സന്ദേശവും ഇതിനൊപ്പം അദ്ദേഹം വെച്ചിട്ടുണ്ട്

കൊല്‍ക്കത്ത: ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. പൊള്ളുന്ന ചൂടില്‍ നിന്ന് രക്ഷ നേടാന്‍ നമ്മള്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. കുട ഉപയോഗിച്ചും, കറുത്ത വസ്ത്രങ്ങള്‍ ഉപേക്ഷിച്ചുമൊക്കെ നമ്മള്‍ ചൂടിനെ പ്രതിരോധിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാന്‍ വ്യത്യസ്തമായ ഒരു രീതി കണ്ടെത്തിയിരിക്കുകയാണ് ബിജി പാല്‍ എന്ന ഓട്ടോ ഡ്രൈവര്‍.

തന്റെ ഓട്ടോയ്ക്കു മുകളില്‍ ചെറിയൊരു പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുകയാണ് ബിജി പാല്‍. മരങ്ങള്‍ സംരക്ഷിക്കൂ, ജീവിതം രക്ഷിക്കൂ എന്ന സന്ദേശവും ഇതിനൊപ്പം അദ്ദേഹം വെച്ചിട്ടുണ്ട്. ബിജിപാലിന്റെ ഓട്ടോയില്‍ കയറിയാല്‍ ചൂടറിയില്ലയെന്ന് യാത്രക്കാരും പറയുന്നു.

തന്റെ കുഞ്ഞു വരുമാനത്തില്‍ നിന്ന് വലിയൊരു തുക പൂന്തോട്ടം നിര്‍മ്മിക്കാനായി ചെലവഴിച്ചുവെന്ന് ബിജിപാല്‍ പറയുന്നു. അതേസമയം ഓട്ടോയ്ക്ക് മുകളിലെ പൂന്തോട്ടം പരിപാലിച്ചു കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള പണിയല്ലയെന്ന് അദ്ദേഹം പറയുന്നു. എല്ലാ ദിവസവും തന്റെ പൂന്തോട്ടത്തിന് ബിജിപാല്‍ വെള്ളമൊഴിക്കും.

Exit mobile version