ഇഡലി ഉപയോഗിച്ച് വോട്ട് ബോധവല്‍ക്കരണം; സമൂഹമാധ്യമങ്ങളില്‍ താരമായി ചെന്നൈ ഫുഡ് അസോസിയേഷന്‍

വോട്ടിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുത്ത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് അവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം

ചെന്നൈ: വോട്ട് പൗരന്റെ അവകാശമാണ്. എന്നാല്‍ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവാന്മാരല്ലാത്ത ധാരാളം ആളുകള്‍ നമുക്ക് ഇടയിലുണ്ട്. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ചെന്നൈ ഫുഡ് അസോസിയേഷന്റെ വോട്ട് ബോധവല്‍ക്കരണമാണ്. ഇഡലി ഉപയോഗിച്ചായിരുന്നു ഇവരുടെ ബോധവല്‍ക്കരണം.

വോട്ടിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസിലാക്കിക്കൊടുത്ത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് അവരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അതിന് അസോസിയേഷന്‍ തെരഞ്ഞെടുത്ത രീതിയാണ് വ്യത്യസ്തമായത്. മാര്‍ച്ച് 28 വ്യാഴായ്ചയായിരുന്നു ഇവര്‍ വോട്ട് ബോധവല്‍ക്കരണവുമായി രംഗത്ത് ഇറങ്ങിയത്.

ബോധവല്‍ക്കരണത്തിനായി വ്യത്യസ്തമായ രീതിയില്‍ ഇഡലി ഉണ്ടാക്കിയത് ഇനിയാവന്‍ എന്ന വ്യക്തിയാണ്. മാര്‍ച്ച് 30ന് ലോക ഇഡലി ദിനമായിരുന്നു. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലുമെത്തി നില്‍ക്കുന്നു.ഈ സന്ദര്‍ഭത്തിലാണ് ജനങ്ങളെ വ്യത്യസ്തമായ രീതിയില്‍ ജനാധിപത്യപരമായ അവകാശങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഇനിയാവന്‍ പറയുന്നു.

125 കിലോ അരിയുപയോഗിച്ച് വ്യത്യസ്തമായ നിറങ്ങളില്‍ നൂറുകണക്കിന് ഇഡലികളാണ് ഉണ്ടാക്കിയത്. ഇത് ജനങ്ങളെ ആകര്‍ഷിച്ചെന്നും അവരില്‍ വോട്ടിന്റെ പ്രാധാന്യത്തെപ്പറ്റി ബോധമുളവാക്കാന്‍ സാധിച്ചുവെന്നും ഇനിയാവന്‍ കൂട്ടിച്ചേര്‍ത്തു. വോട്ട് ചെയ്യേണ്ടതിനെപ്പറ്റി ബോധവല്‍ക്കരണം നടത്തിയതിനൊപ്പം പണം വാങ്ങി വോട്ട് വില്‍ക്കരുതെന്നും ഇഡലിയിലൂടെ ജനങ്ങള്‍ക്ക് സന്ദേശം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

Exit mobile version