‘ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യം’; അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി

താരത്തെ കാത്തിരിക്കുന്നത് കനത്ത തോല്‍വിയാണെന്നാണ് ഗോപാല്‍ ഷെട്ടി പറഞ്ഞത്

മുംബൈ: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടിയുമായ ഊര്‍മിള മണ്ഡോദ്കരെ അധിക്ഷേപിച്ച് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി രംഗത്ത്. ഊര്‍മിള മണ്ഡോദ്കരെ കാണാന്‍ മാത്രം കൊള്ളാം, പക്ഷേ രാഷ്ട്രീയത്തില്‍ വട്ടപ്പൂജ്യമാണെന്നാണ് സിറ്റിങ് എംപി കൂടിയായ ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം.

ഊര്‍മിള രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് നടന്‍ ഗോവിന്ദ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കണ്ടുള്ള ആത്മവിശ്വാസത്തിലാണ്. എന്നാല്‍ താരത്തെ കാത്തിരിക്കുന്നത് കനത്ത തോല്‍വിയാണെന്നാണ് ഗോപാല്‍ ഷെട്ടി പറഞ്ഞത്. ഇതിനു പുറമെ ഊര്‍മിളയെ കാണാന്‍ കൊള്ളാമെന്നും അവര്‍ക്ക് വളരെ നിഷ്‌കളങ്കമായ മുഖമാണെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ വട്ടപൂജ്യമാണെന്നാണ് എതിര്‍ സ്ഥാനാര്‍ത്ഥി കൂടിയായ ഗോപാല്‍ ഷെട്ടിയുടെ പരാമര്‍ശം.

എന്നാല്‍ ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വന്‍ ജനക്കൂട്ടമാണല്ലോ ഉള്ളതെന്ന ചോദ്യത്തോട് താരത്തെ ഒരു നോക്ക് കാണുകയെന്ന ലക്ഷ്യത്തോടെ എത്തുന്നവരാണ് അവരെല്ലാവരുമെന്നും
തെരഞ്ഞെടുപ്പ് ദിവസം അവര്‍ അവരുടെ നിലപാട് വ്യക്തമാക്കിയിരിക്കുമെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു.

Exit mobile version