അന്റാര്‍ട്ടിക്കയെ കാല്‍ക്കീഴിലാക്കാന്‍ ഒരുങ്ങി ഈ ഇന്ത്യന്‍ ഐപിഎസ് ഉദ്യോഗസ്ഥ; സൗത്ത് പോള്‍ കീഴടക്കിയതിനു പിന്നാലെ നോര്‍ത്ത് പോളും ലക്ഷ്യമിട്ട് അപര്‍ണ; അഭിമാനം!

ഡെറാഡൂണ്‍: അന്റാര്‍ട്ടിക്കയും കീഴടക്കി രാജ്യത്തിന് അഭിമാനമാകാന്‍ ഒരുങ്ങി ഇന്ത്യന്‍ പോലീസ് ഉദ്യോഗസ്ഥ. അന്റാര്‍ട്ടിക്കയുടെ തെക്കേ അറ്റമായ സൗത്ത് പോള്‍ കീഴടക്കി ചരിത്രം കുറിച്ച അപര്‍ണ കുമാര്‍ ഐപിഎസ് അടുത്തതായി ലക്ഷ്യം വെയ്ക്കുന്നത് അന്റാര്‍ട്ടിക്കയുടെ നോര്‍ത്ത് പോളിനെ കാല്‍ക്കീഴിലാക്കാനാണ്.

സൗത്ത് പോള്‍ കീഴടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഡിഐജിയും ഐപിഎസ് ഉദ്യോഗസ്ഥയുമാണ് അപര്‍ണ. കഴിഞ്ഞ ജനുവരി 13നാണ് സൗത്ത് പോള്‍ കീഴടക്കി അപര്‍ണ രാജ്യത്തിന് അഭിമാനവും ഒട്ടേറെ വനിതകള്‍ക്ക് പ്രചോദനവുമായത്. പിന്നാലെ ഏപ്രില്‍ 4ന് നോര്‍ത്ത് പോള്‍ കീഴടക്കാനുള്ള സാഹസിക യാത്രയ്ക്ക് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ് അപര്‍ണ. 11 മൈല്‍ ദൂരം നീളുന്ന യാത്രയ്ക്ക്‌ നോര്‍വേയിലെ ഓസ്ലോയില്‍ തുടക്കമാകും.

മഞ്ഞിലൂടെ 111 മൈല്‍ ദൂരം കാല്‍നടയായി താണ്ടിയാണ് അപര്‍ണ സൗത്ത് പോള്‍ കീഴടക്കിയത്. അതിനാല്‍ തന്നെ നോര്‍ത്ത് പോളും തന്റെ കാലുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കും എന്ന അടിയുറച്ച ആത്മവിശ്വാസവും അപര്‍ണയ്ക്കുണ്ട്. 35 കിലോയോളം ഭാരമുള്ള ഉപകരണങ്ങളും, സാധന സാമഗ്രികളുമായാണ് അത്രയും ദൂരം അപര്‍ണ നടന്നു തീര്‍ത്തത്.

അപര്‍ണ ആദ്യമായി രാജ്യശ്രദ്ധയാകര്‍ഷിച്ചത് ആറ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമേറിയ കൊടുമുടികള്‍ കീഴടക്കി കൊണ്ടാണ്. ആറ് കൊടുമുടികളും കീഴടക്കിയ അപര്‍ണ, അടുത്തതായി നോര്‍ത്ത് പോളിനു ശേഷം ലക്ഷ്യം വെയ്ക്കുന്നത് ദെനാലി കൊടുമുടിയെ കീഴടക്കാനാണ്. മൂന്ന് തവണ പരിശ്രമിച്ചിട്ടും കീഴടങ്ങാത്ത ദെനാലിയെ ജൂലൈയില്‍ ആരംഭിക്കുന്ന പരിശ്രമത്തില്‍ കീഴടക്കാനാകുമെന്ന് തന്നെയാണ് ഈ പോലീസ് ഉദ്യോഗസ്ഥ ഉറപ്പിച്ച് പറയുന്നത്.

അപര്‍ണ 2002 ബാച്ചിലെ യുപി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഡെറാഡൂണിലെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ നോര്‍ത്തേണ്‍ ഫ്രോന്റിയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡിഐജിയാണ് നിലവില്‍ അപര്‍ണ.

Exit mobile version