ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പോലീസ് ഇനിയും ഇടപെട്ടില്ലെങ്കില്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും; ഭീഷണിയുമായി ഹോളി ദിനത്തില്‍ ആക്രമിക്കപ്പെട്ട കുടുംബം

കുടുംബത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ രണ്ടുകൂട്ടര്‍ക്കും പങ്കുണ്ടെന്ന് ഗുരുഗ്രാം സൗത്ത് ഡിസിപി പറയുന്നു

ചണ്ഡിഖണ്ഡ്: കഴിഞ്ഞ ഹോളി ദിനത്തില്‍ ഗുരുഗ്രാമില്‍ ആക്രമിക്കപ്പെട്ട മുസ്ലീം കുടുംബം ആത്മഹത്യ ഭീഷണിയുമായി രംഗത്ത്. പരസ്യമായി ആക്രമിച്ചിട്ടും, ആക്രമ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ഭീഷണി. ആക്രമിച്ചവരെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ഈ കുടുംബം ആരോപിക്കുന്നു.

പ്രതികള്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി അക്രമികള്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കുടുംബാംഗമായ മുഹമ്മദ് അക്തര്‍ പറഞ്ഞു. ആക്രമികള്‍ വീട്ടില്‍ വന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപമാനിച്ചവെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുടുംബത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ രണ്ടുകൂട്ടര്‍ക്കും പങ്കുണ്ടെന്ന് ഗുരുഗ്രാം സൗത്ത് ഡിസിപി പറയുന്നു. കഴിഞ്ഞ ഹോളി ദിവസം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളോട്, നിങ്ങളെന്തിനാണ് ഇവിടെ കളിക്കുന്നത്, പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ എന്ന് പറഞ്ഞുകൊണ്ട് നാല്‍പ്പതോളം പേര്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ചു. ഈ കുടുംബം 15 വര്‍ഷമായി ഗുരുഗ്രാമിലാണ് താമസം. കുടുംബാംഗങ്ങളെ മര്‍ദ്ദിക്കുകയും വീട്ടില്‍ കയറി വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ മുമ്പ് പുറത്ത് വന്നിരുന്നു.

Exit mobile version