വീഡിയോ ഷെയര്‍ ചെയ്തപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടി സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ച് കാണില്ല; ബിജെപി നേതാവ് സമ്പിത് പത്ര ഷെയര്‍ ചെയ്ത വീഡിയോ വിവാദത്തില്‍

പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ പുരിയിലെ സ്ഥാനാര്‍ത്ഥിയും വക്താവുമായ സമ്പിത് പത്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്

പുരി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കും തോറും വോട്ടിനായി പലതരത്തിലുള്ള അടവുകളാണ് സ്ഥാനാര്‍ത്ഥികള്‍ പയറ്റി നോക്കുന്നത്. അത്തരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപിയുടെ പുരിയിലെ സ്ഥാനാര്‍ത്ഥിയും വക്താവുമായ സമ്പിത് പത്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

പുരിയിലെ ഒരു വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയായിരുന്നു സമ്പിത് പത്ര ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ നേതാവ് വീട്ടിലെ ഓരോരുത്തര്‍ക്കായി ഭക്ഷണം വായില്‍വെച്ചുകൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ‘ഇത് എന്റെ വീടാണ്. എന്റെ അമ്മ അവരുടെ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണം എനിക്ക് വിളമ്പി തന്നു. എന്റെ കൈകൊണ്ട് ഞാന്‍ അവരേയും ഊട്ടി. മനുഷ്യസേവനമാണ് ദൈവത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രതിഫലം’ എന്നാണ് സമ്പിത് പത്ര ട്വിറ്ററില്‍ കുറിച്ചത്.

അതേ സമയം സമ്പിത് പത്ര നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ തൊട്ടടുത്തായി അടുപ്പില്‍ തീയൂതി ഭക്ഷണം ഉണ്ടാക്കുന്ന ഒരു സ്ത്രീയേയും കാണാമായിരുന്നു. ഇതാണ് വിവാദത്തിലായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിയാഘോഷിച്ച ഉജ്ജ്വല യോജന പദ്ധതിയുടെ ഏറ്റവും വലിയ പരാജയമല്ലേ ആ കാണുന്നത് എന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ പുറത്തുവിടുമ്പോള്‍ ഇത്തരത്തിലൊരു തിരിച്ചടി താങ്കള്‍ പ്രതീക്ഷിച്ചു കാണില്ല അല്ലേയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

2016 ലാണ് മോഡി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ പദ്ധതി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയെന്നും ബിജെപി നേതാവ് തന്നെ അതിനുള്ള തെളിവ് നല്‍കി മുന്നോട്ട് വന്നുവെന്നും പലരും ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

Exit mobile version