രാജ്യം ഭീകരാക്രമണ ഭീഷണിയില്‍; ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിന് സാധ്യത; വെടിവെച്ചിടണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട്

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡ്രോണ്‍ വഴിയുള്ള ഭീകരാക്രമണത്തിനാണ് സാധ്യതയെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. അതീവസുരക്ഷയും നിരീക്ഷണവും ഒരുക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ ജാഗ്രതാ നിര്‍ദേശ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയില്‍ തിരുവനന്തപുരത്ത് അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയിരുന്നു. കോവളത്തും പോലീസ് ആസ്ഥാനത്തുമായിരുന്നു ഡ്രോണ്‍ കാണപ്പെട്ടത്. ഇതിനെ സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് കേരളാ പോലീസ് നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.

ചൈനീസ് നിര്‍മ്മിത കളിപ്പാട്ടമാണ് കണ്ടെത്തിയ ഡ്രോണ്‍ എന്നാണ് വിവരം. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് ഡ്രോണുകള്‍ പറത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും സിവില്‍ ഏവിയേഷന്റെ അനുമതിയോടെ മാത്രമെ ഡ്രോണ്‍ പറത്താന്‍ അനുവദിക്കുകയുള്ളൂവെന്നും ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവില്‍ പ്രതിഷേധിച്ച് ഫോട്ടോഗ്രാഫേഴ്‌സ് ഉള്‍പ്പടെയുള്ള ഡ്രോണ്‍ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.

Exit mobile version