തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രം, മനോഹര്‍ പരീക്കറുടെ ചിതാഭസ്മം മണ്ഡലങ്ങളിലെ നദിയില്‍ ഒഴുക്കി ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ഒഴുക്കിയാണ് ബിജെപിയുടെ പുതിയ പ്രചാരണം

പനാജി: ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ചിതാഭസ്മം സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലെ നദികളില്‍ ഒഴുക്കിയാണ് ബിജെപിയുടെ പുതിയ പ്രചാരണം. അതേ സമയം ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് അഭിഭാഷകനായ ഐര്‍സ് റോഡ്രിഗസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ ചടങ്ങുകളെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍മാരെയാണ് കമ്മീഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചിതാഭസ്മ നിമഞ്ജനം ചെയ്യുന്നതിനായി ബിജെപി സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും.

ദീര്‍ഘനാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന മനോഹര്‍ പരീക്കര്‍ മാര്‍ച്ച് 17നാണ് അന്തരിച്ചത്. മൂന്ന് വട്ടം ഗോവയുടെ മുഖ്യമന്ത്രി ആയിരുന്ന മനോഹര്‍ പരീക്കര്‍ മോഡി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായും ചുമതല വഹിച്ചിട്ടുണ്ട്.

Exit mobile version